മെഡിക്കല്‍ കോളജില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കി; സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ഹിന്ദുത്വര്‍ (video)
ജമ്മു: ഖത്രയിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എക്‌സലന്‍സില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയതിനെ തുടര്‍ന്ന് ഹിന്ദുത്വര്‍ സംഘര്‍ഷം സൃഷ്ടിച്ചു. മെഡിക്കല്‍ കോളജിലെ 50 സീറ്റുകളില്‍ 42 ഉം കശ്മീരിലെ മുസ്‌ലിംകള്‍ക്ക് ലഭിച്ചതാണ് ഹിന്ദുത്വരെ പ്രകോപിപ്പിച്ചത്. അഡ്മിഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ ഹിന്ദുത്വ സംഘടനകള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഉദ്ധംപൂര്‍ മണ്ഡലത്തിലെ എംഎല്‍എയും ബിജെപി നേതാവുമായ പവന്‍ ഗുപ്തയും സംഘര്‍ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. വൈഷ്‌ണോ ദേവി ക്ഷേത്ര ട്രസ്റ്റില്‍ നിന്നുള്ള സംഭാവനകള്‍ കൊണ്ട് രൂപീകരിച്ച മെഡിക്കല്‍ കോളജില്‍ മുസ്‌ലിംകള്‍ക്ക് മേധാവിത്വം ലഭിക്കരുതെന്നാണ് ഹിന്ദുത്വരുടെ ആവശ്യം. കോളജിലെ സീറ്റുകള്‍ ഹിന്ദുക്കള്‍ക്ക് സംവരണം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Full View
മെഡിക്കല്‍ കോളജിലെ 50 സീറ്റുകളിലേക്കാണ് ജമ്മുകശ്മീര്‍ പ്രഫഷണല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ബോര്‍ഡ് അഡ്മിഷന്‍ നടത്തിയത്. കശ്മീരില്‍ നിന്നും 42 പേര്‍ക്കും ജമ്മുവില്‍ നിന്നും എട്ടുപേര്‍ക്കുമാണ് അഡ്മിഷന്‍ ലഭിച്ചത്. അതില്‍ കശ്മീരില്‍ നിന്നും 36 പേരും ജമ്മുവില്‍ നിന്ന് മൂന്നുപേരും ഇതുവരെ പ്രവേശനം നേടി. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ വ്യവസ്ഥകള്‍ പ്രകാരമാണ് അഡ്മിഷന്‍ നടത്തിയതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ജമ്മുകശ്മീരിലെ 13 മെഡിക്കല്‍ കോളജുകളിലെ 1,685 സീറ്റുകളില്‍ നീറ്റ് ലിസ്റ്റ് പ്രകാരമാണ് അഡ്മിഷന്‍ നടത്തിയത്. കേന്ദ്രഭരണപ്രദേശങ്ങളിലുള്ളവര്‍ക്ക് 85 ശതമാനം സീറ്റുകള്‍ നല്‍കണമെന്നും ബാക്കി 15 ശതമാനം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നല്‍കണമെന്നുള്ള വ്യവസ്ഥയും പാലിച്ചു.
പതിമൂന്ന് മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിന് കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ള 5,865 പേരെയാണ് ബോര്‍ഡ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നത്. അതില്‍ 2,000 പേരെ കൗണ്‍സിലിങിന് വിളിച്ചു. ഈ ലിസ്റ്റിലെ 70 ശതമാനം പേരും മുസ്‌ലിംകളായിരുന്നു. കശ്മീരിലെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിച്ച ജമ്മുവില്‍ നിന്നുള്ള 87 പേരും എസ്‌സി-എസ്ടി പട്ടികയില്‍ ഉള്ളവരോ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നോ നിയന്ത്രണരേഖയില്‍ നിന്നുള്ളവരോ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരോ ആണ്.
