മണിപ്പൂരില്‍ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അസ്‌കര്‍ അലിയുടെ വീടിന് തീയിട്ടു; വഖ്ഫ് നിയമഭേദഗതി പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് അസ്‌കര്‍ അലി (വീഡിയോ)

Update: 2025-04-07 02:49 GMT

ഇംഫാല്‍: മണിപ്പൂരില്‍ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അസ്‌കര്‍ അലിയുടെ വീടിന് തീയിട്ടു. തൗബാല്‍ ജില്ലയിലെ ലിലോങ് ഹോറെയ്ബിയിലെ അസ്‌കര്‍ അലിയുടെ വീട്ടിലാണ് ഇന്നലെ രാത്രി പ്രതിഷേധക്കാര്‍ എത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തീയണക്കാന്‍ എത്തിയ അഗ്നിശമന സേനാ ജീവനക്കാരെയും പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചു. വഖ്ഫ് നിയമഭേദഗതിയെ എതിര്‍ക്കുന്നവരാണ് അസ്‌കര്‍ അലിയുടെ വീടിന് തീയിട്ടതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വീടിന് തീയിട്ടതിന് പിന്നാലെ വഖ്ഫ് നിയമഭേദഗതിയെ പിന്തുണക്കുന്ന നിലപാട് അസ്‌കര്‍ അലി മാറ്റി.

''ലോക്‌സഭയിലും രാജ്യസഭയിലും അടുത്തിടെ പാസാക്കിയ വഖdഫ് ബില്ലുമായി ബന്ധപ്പെട്ട്, ബില്ലിനെ പിന്തുണയ്ക്കുന്ന ചില പോസ്റ്റുകള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. അതില്‍ മുഴുവന്‍ മുസ്‌ലിം സമൂഹത്തോടും മെയ്തി പംഗലുകളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. നിയമം എത്രയും വേഗം പിന്‍വലിക്കണമെന്ന് ഞാന്‍ ഇപ്പോള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു''-അസ്‌കര്‍ അലി പറഞ്ഞു.