അറസ്റ്റ്, ചികില്‍സ നിഷേധിക്കല്‍, കുറ്റപ്പെടുത്തല്‍: കുടിയൊഴിപ്പക്കലിന് ശേഷം അസമില്‍ നടക്കുന്നത്

Update: 2025-07-23 14:49 GMT

ബര്‍പേട്ട(അസം): ഗോല്‍പാര ജില്ലയിലെ പൈക്കാന്‍ റിസര്‍വ് ഫോറസ്റ്റിന് സമീപത്തെ അസുദുബിയിലെ കുടിയൊഴിപ്പിക്കലിനെതിരേ പ്രതിഷേധിച്ച സകുവാര്‍ അലിയെ ജൂലൈ 17ന് പോലിസ് വെടിവച്ചു കൊല്ലുകയുണ്ടായി. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ക്ക് മുമ്പ് മറ്റു പല കുടിയൊഴിപ്പിക്കല്‍ സ്ഥലങ്ങളിലും നടക്കുന്ന കാര്യങ്ങള്‍ ഇവിടെയും നടന്നിരുന്നു.

ജൂലൈ 12ന് ജില്ലാ ഭരണകൂടവും വനംവകുപ്പും ചേര്‍ന്ന് 1,080 കുടുംബങ്ങളുടെ വീടുകള്‍ പൊളിച്ചു മാറ്റിയിരുന്നു. 140 ഏക്കര്‍ വനഭൂമി കൈയ്യേറിയെന്നായിരുന്നു ആരോപണം. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ആ പ്രദേശത്തിന് സമീപത്ത് തന്നെ പൊളിച്ച വീടുകളുടെ അവശിഷ്ടങ്ങളും ടാര്‍പാളിന്‍ ഷീറ്റുകളും മറ്റും കൊണ്ട് ടെന്റുകള്‍ കെട്ടി. ജൂലൈ 17ന് ജില്ലാ ഭരണകൂടം ഒരു എക്‌സ്‌കവേറ്ററുമായി സ്ഥലത്തെത്തി റോഡ് പൊളിക്കാന്‍ തുടങ്ങി. കുടിയൊഴിപ്പെട്ടവര്‍ അത് തടയാന്‍ ശ്രമിച്ചു. പോലിസ് അവര്‍ക്ക് നേരെ വെടിവച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ആരോപിച്ചത്. അസമിനെ ജനസംഖ്യാപരമായ അധിനിവേശത്തില്‍ നിന്ന് രക്ഷിക്കാന്‍ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നുവെന്നാണ് ശര്‍മ എക്‌സില്‍ പോസ്റ്റിട്ടത്.

മരിച്ച സകുവാര്‍ അലി ഒരു പലചരക്കു കട നടത്തുകയായിരുന്നു. ജൂലൈ 17ന് രാവിലെ അയാള്‍ ഗോല്‍പാരയിലെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. അക്രമം നടന്ന സ്ഥലത്ത് അലി എത്തുമ്പോഴേക്കും പോലിസ് വെടിവയ്പ് തുടങ്ങിയിരുന്നുവെന്ന് സഹോദരി പറയുന്നു. ജൂലൈ 17ന് തന്നെ അലിയുടെ കുടുംബം കൃഷ്ണായ് പോലിസില്‍ പരാതി നല്‍കി. അതിനിടയില്‍ തന്നെ അസം വനംവകുപ്പും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, വനഭൂമിയില്‍ അതിക്രമിച്ചു കയറല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളുള്ള പരാതിയായിരുന്നു അത്. ഈ കേസില്‍ 21 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് എഎസ്പി ഋതുരാജ് ദോലെ പറഞ്ഞത്.

പൊളിച്ച വീട്ടില്‍ നിന്നും ചില സാധനങ്ങള്‍ പെറുക്കിയെടുക്കുമ്പോഴാണ് ആശാരിയായ അമീര്‍ ഹംസ(27)യ്ക്ക് വെടിയേറ്റതെന്ന് സഹോദരനായ ഷഹാന്‍ ഷാ പറയുന്നു. ഗുരുതരമായി പരിക്കേറ്റ അമീറിനെ ഗോല്‍പാര സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഗുവാഹതി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. നിലവില്‍ അവിടെയാണ് അമീറുള്ളത്. പക്ഷേ, അധികൃതര്‍ ചികില്‍സ വൈകിപ്പിക്കുകയാണെന്ന് ഷഹാന്‍ ഷാ പറഞ്ഞു.

വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ കഴിയുന്ന കാസിമുദ്ദീന്‍ ശെയ്ഖിന്റെ സഹോദരന്‍ റഫീഖുല്‍ ഇസ്‌ലാമും ഇത് സ്ഥിരീകരിക്കുന്നു. നിലവിലെ പോലെ ചികില്‍സിക്കുകയാണെങ്കില്‍ കാസിമുദ്ദീന്‍ മരിക്കുമെന്നാണ് റഫീഖുല്‍ പറയുന്നത്. എന്നാല്‍, വെടിയുണ്ട എത്ര ആഴത്തിലാണ് ഉള്ളതെന്ന് അറിയാത്തതിനാലാണ് ചികില്‍സ വൈകിയതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഉജ്ജല്‍ കുമാര്‍ ശര്‍മ പറഞ്ഞു.

ഇവരെല്ലാം താമസിക്കുന്ന ഭൂമി 1982ല്‍ വനഭൂമിയാക്കിയിരുന്നുവെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. പക്ഷേ, അവിടെ പതിറ്റാണ്ടുകളായി ആളുകള്‍ ജീവിക്കുന്നുണ്ടായിരുന്നു. പലര്‍ക്കും ഭൂമിയുടെ രേഖകളുണ്ട്. മുസ്‌ലിം ഇതര വിഭാഗങ്ങള്‍ ജീവിക്കുന്ന പ്രദേശത്തെയാണ് വനഭൂമിയായി ആദ്യം വേര്‍തിരിച്ചിരുന്നതെന്ന് ഒരു ഗ്രാമവാസി വെളിപ്പെടുത്തി. പക്ഷേ, കുടിയൊഴിപ്പിക്കല്‍ നടന്നത് മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള പ്രദേശത്താണ്.

ഭൂമിയില്‍ സ്ഥിര അവകാശമുള്ള രേഖകള്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ കാണിക്കുന്നുണ്ട്. ചിലര്‍ വളരെ മുമ്പു തന്നെ ഭൂമി ലഭിക്കാനുള്ള സര്‍ക്കാരിന്റെ ബസുന്ധര പദ്ധതിയില്‍ അപേക്ഷയും നല്‍കിയിരുന്നു. തന്റെ ഭൂമി വനഭൂമിയല്ലെന്ന് അധികൃതര്‍ നല്‍കിയ രേഖ സൂക്ഷിക്കുന്ന ഒരാളും കുടിയൊഴിപ്പിക്കപ്പെട്ടു. 1970ല്‍ വോട്ടര്‍ പട്ടികയില്‍ ഉള്ളവരും ഒഴിപ്പിക്കപ്പെട്ടു. തന്റെ പിതാവ് 1951ലെ എന്‍ആര്‍സിയില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും 1965ലെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിരുന്നുവെന്നും ഷാന്‍ ഷാ പറഞ്ഞു.

കിഴക്കന്‍ ബംഗാള്‍ വംശജരായ മുസ്‌ലിംകളെ ലക്ഷ്യമിടുന്ന കുടിയൊഴിപ്പിക്കലുകള്‍ അസമില്‍ വ്യാപകമാവുകയാണ്. മിയ എന്ന് മോശമായി വിളിക്കപ്പെട്ടവരാണ് അവര്‍. ധോല്‍പൂര്‍(ധരാങ്), കച്ചൗതലി(കാംരൂപ്), ഹസീല ബീല്‍(ഗോല്‍പാര), ബിലാഷിപുര(ധുബ്രി) എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് പേരുടെ വീടുകള്‍ പൊളിച്ചു കുടിയൊഴിപ്പിച്ചു. അസുദുബിയിലും ധോല്‍പൂരിലും പോലിസ് അക്രമം അഴിച്ചുവിട്ടു. 2016ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ഏതാണ്ട് ഏഴു പേര്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. 2016നും 2024നും ഇടയില്‍ 10,620ല്‍ അധികം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. അതില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്.

ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും മുസ്‌ലിംകളെയും ലക്ഷ്യമാക്കാന്‍ പരിസ്ഥിതി സംരക്ഷണവും വികസനവും സര്‍ക്കാര്‍ ആയുധമാക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. എഐയുഡിഎഫ് എംഎല്‍എ അഷ്‌റഫുല്‍ ഹസന്‍ ജൂലൈ 12ന് ഗ്രാമത്തില്‍ എത്താന്‍ ശ്രമിച്ചെങ്കിലും പോലിസ് അനുമതി നിഷേധിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ മുഖ്യമന്ത്രി മുസ്‌ലിംകളെ അപരവല്‍ക്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൈയ്യേറ്റക്കാരില്‍ നിന്നും 1,19,548 ബിഗ ഭൂമി തിരിച്ചുപിടിച്ചെന്നാണ് മുഖ്യമന്ത്രി പോസ്റ്റിട്ടത്. ജനസംഖ്യാനുപാതം തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്നും അസമിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്നും മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ആദിവാസി ഭൂമി സംരക്ഷിച്ചെന്ന രീതിയിലാണ് ശര്‍മ പ്രചാരണം നടത്തുന്നതെന്ന് കൃഷക് മുക്തി സംഗ്രം സമിതി നേതാവ് അകാശ് ദോലെ പറഞ്ഞു. പക്ഷേ, ഈ ഭൂമി അംബാനിക്കും അദാനിക്കും കൊടുക്കാനാണ് ശ്രമം നടക്കുന്നത്. അത് മറച്ചുപിടിക്കാന്‍ ആദിവാസി-മുസ്‌ലിം സംഘര്‍ഷം നിര്‍മിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.