ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു; പൊളളാച്ചി റെയില്‍വേ സ്റ്റേഷന്‍ ബോര്‍ഡിലെ ഹിന്ദി എഴുത്ത് മായ്ച്ചു

Update: 2025-02-23 12:44 GMT

പൊള്ളാച്ചി: രാജ്യത്തെ ജനങ്ങളുടെ മേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. പൊളളാച്ചി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ ബോര്‍ഡിലെ ഹിന്ദിയിലുള്ള എഴുത്ത് ഡിഎംകെ പ്രവര്‍ത്തകര്‍ കരി ഓയില്‍ കൊണ്ടു മായ്ച്ചു. ഇന്ന് രാവിലെ ഏഴു മണിക്ക് ശേഷമാണ് ഡിഎംകെ പൊള്ളാച്ചി ടൗണ്‍ സെക്രട്ടറി തെണ്‍ട്രല്‍ കെ ശെല്‍വരാജിന്റെ നേതൃത്വത്തിലുള്ള സംഘം റെയില്‍വേ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഹിന്ദിയിലെ എഴുത്ത് കരി ഓയില്‍ ഉപയോഗിച്ച് മായ്ക്കുകയായിരുന്നു.

സംഭവത്തില്‍ തെണ്‍ട്രല്‍ കെ ശെല്‍വരാജ് അടക്കം അഞ്ചു പേര്‍ക്കെതിരെ റെയില്‍വേ പോലിസ് കേസെടുത്തു. റെയില്‍വേ സ്‌റ്റേഷനിലെ മൂന്നു ബോര്‍ഡുകളിലെ ഹിന്ദി വാക്കുകള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ മായ്ച്ചുവെന്ന് പോലിസ് പറഞ്ഞു. ഉച്ചയ്ക്ക് ശേഷം പാളയംകോട്ടെ റെയില്‍വേ സ്‌റ്റേഷനിലെ ബോര്‍ഡുകളും മായ്ച്ചു. ഡിഎംകെയുടെ യുവജന വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധം ഏറ്റെടുത്തിരിക്കുകയാണ്. നാളെ മുതല്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം ആരംഭിക്കും.