ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ബോര്‍ഡ് ബിജെപിക്കാര്‍ തകര്‍ത്തു; തങ്ങള്‍ ഇന്ത്യക്കാരെന്ന് ഉടമകളായ രാജേഷ് രാംനാനിയും ഹരീഷ് രാംനാനിയും

Update: 2025-05-11 15:58 GMT

ഹൈദരാബാദ്: ഷംസാബാദിലെ പ്രശസ്തമായ കറാച്ചി ബേക്കറിയുടെ ബോര്‍ഡ് ബിജെപിക്കാര്‍ തകര്‍ത്തു. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചാണ് ബിജെപി നേതാക്കള്‍ അടങ്ങിയ സംഘം ശനിയാഴ്ച ബോര്‍ഡ് തകര്‍ത്തത്. പാകിസ്താനിലെ പ്രശസ്ത നഗരമായ കറാച്ചിയുടെ പേരില്‍ 1953ല്‍ സിന്ധി ബിസിനസുകാരനായ ഖാന്‍ചാന്ദ് രാംനാനിയാണ് ഈ ബേക്കറി സ്ഥാപിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിഭജനകാലത്താണ് ഇയാള്‍ ഇന്ത്യയില്‍ എത്തിയത്.


ബേക്കറിക്ക് നേരെ ആക്രമണം നടത്തിയത് ബിജെപിക്കാരാണെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ബാലരാജു പറഞ്ഞു. സ്ഥാപനത്തിന് സംരക്ഷണം നല്‍കണമെന്ന് ഉടമകളായ രാജേഷ് രാംനാനിയും ഹരീഷ് രാംനാനിയും ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടാവുമ്പോഴെല്ലാം ബേക്കറി ആക്രമിക്കപ്പെടുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിന്റെ പേര് ചരിത്രത്തിന്റെ ഭാഗമാണെന്നും ദേശീയതയുടെ ഭാഗമല്ലെന്നും ഉടമകള്‍ വിശദീകരിച്ചു.