നവീന്റെ മരണം: കലക്ടറെ തടഞ്ഞ് ജീവനക്കാര്‍; ദിവ്യക്കെതിരേ കേസെടുക്കണമെന്നും പ്രതിഷേധക്കാര്‍

എഡിഎം ഒരു ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പമ്പുടമ

Update: 2024-10-15 07:24 GMT

കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ വ്യാപക പ്രതിഷേധം. എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനെ തടഞ്ഞുവെച്ചു. പോലിസെത്തിയാണ് കലക്ടറെ മോചിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും പി പി ദിവ്യക്കെതിരേ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പി പി ദിവ്യക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നുമാണ് ആവശ്യം.

നവീന്‍ ബാബുവിന്റെ മരണം കൊലപാതകത്തിന് തുല്യമായ ഞെട്ടിക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സിപിഎം സംഘടനയുടെ ഭാഗമായ ഈ ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനാണെന്ന് പ്രതിപക്ഷ സംഘടനയില്‍പ്പെട്ടയാളുകള്‍ക്ക് പോലും ധാരണയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് അറിയില്ലെന്നും അങ്ങനൊയൊരു പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും റെവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.

അതേസമയം, പെട്രോള്‍ പമ്പ് അനുവദിക്കാന്‍ നവീന്‍ ബാബുവിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന് പമ്പുടമ പ്രശാന്ത് പറഞ്ഞു. അപേക്ഷ നല്‍കിയെങ്കിലും ആറ് മാസത്തോളം ഫയല്‍ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചുവെന്നും പിന്നീട് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടു എന്നുമാണ് പ്രശാന്ത് പറയുന്നത്. ചേരന്മൂല നിടുവാലൂരില്‍ പെട്രോള്‍ പമ്പ് അനുവദിക്കാനാണ് നവീന്‍ ബാബുവിന് പണം നല്‍കിയത്. ഒക്ടോബര്‍ ആറിന് അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് വിളിച്ച് വരുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അത് അദ്ദേഹം വിലക്കി. ഗൂഗിള്‍ പേ വഴി അയക്കാം എന്ന് പറഞ്ഞപ്പോഴും സമ്മതിച്ചില്ല. അത്രയും പണം കയ്യില്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ രണ്ട് ദിവസത്തിനകം സംഘടിപ്പിച്ച് തന്നാല്‍ മതി എന്ന് പറഞ്ഞു. തന്റെ കയ്യില്‍ ഉള്ള പണവും മറ്റുള്ളവരില്‍ നിന്നും വാങ്ങിയതും ചേര്‍ത്ത് 98500 രൂപ നവീന്‍ ബാബുവിന് ഒക്ടോബര്‍ ആറിന് തന്നെ നല്‍കിയെന്നും പ്രശാന്ത് പറയുന്നു.

Tags: