കമല്‍ ഹാസന്റെ വിശ്വരൂപം സിനിമക്കെതിരായ പ്രതിഷേധം: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു
നോര്‍ത്ത് പറവൂര്‍: കമല്‍ ഹാസന്റെ വിശ്വരൂപം സിനിമയുടെ പ്രദര്‍ശനത്തിനെതിരേ പ്രതിഷേധിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. നോര്‍ത്ത് പറവൂരില്‍ മുസ് ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം തിയേറ്റര്‍ ആക്രമണമായി ചിത്രീകരിച്ചായിരുന്നു 25 പേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നത്. 2013ലാണ് കേസിനാസ്പദമായ സംഭവം. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചിത്രാഞ്ജലി തിയ്യറ്ററില്‍ സിനിമ ചിത്രീകരണത്തിന് എത്തിയപ്പോഴായിരുന്നു മുസ് ലിം ഐക്യവേദി പ്രതിഷേധം സംഘടിപ്പിച്ചത്. ചിത്രത്തില്‍ ഇസ് ലാം വിരുദ്ധ ഉള്ളടക്കമുണ്ടെന്ന് ആരോപിച്ചായാരുന്നു പ്രതിഷേധം. മുസ് ലിംകളെ തീവ്രവാദികളായി ചിത്രീകരിച്ച സിനിമക്കെതിരേ തമിഴ്‌നാട്ടിലും മുസ് ലിം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. മദ്രാസ് ഹൈക്കോടതി ചിത്രീകരണം വിലക്കിയിരുന്നു. മുസ് ലിം ഐക്യവേദിക്ക് വേണ്ടി അഭിഭാഷകരായ എം ജി ജീവന്‍, ലെവിന്‍ വര്‍ഗീസ്, അഞ്ജന വില്‍സന്‍ എന്നിവര്‍ ഹാജരായി.