പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ എബിവിപി ആക്രമണം

Update: 2026-02-12 12:03 GMT

ന്യൂഡല്‍ഹി: പ്രമുഖ ചരിത്രകാരനും പ്രഫസറുമായ ഇര്‍ഫാന്‍ ഹബീബിന് നേരെ എബിവിപി ആക്രമണം. ഡല്‍ഹി സര്‍വകാലാശാലില്‍ ഐസ സംഘടിപ്പിച്ച പരിപാടിക്കിടെ സംസാരിക്കവെയാണ് ആക്രമണം നടന്നത്. പിന്നില്‍ എബിവിപി എന്ന് ഐസ അറിയിച്ചു. പരിപാടിക്കിടെ സംസാരിക്കവെ പ്രഫസറിന് നേരെ വെള്ളം നിറച്ച ബക്കറ്റും മാലിന്യ പെട്ടിയും എറിയുകയായിരുന്നു. ഐസ സംഘടിപ്പിച്ച പീപ്പിള്‍സ് ലിറ്ററേച്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം സംസാരിക്കുന്നതിന് പുറകില്‍ കെട്ടിയിരുന്ന ബാനറിന്റെ പിന്നില്‍ നിന്നുമാണ് ബക്കറ്റില്‍ വെളളം നിറച്ച് അദ്ദേഹത്തിന്റെ ദേഹത്തേയ്ക്ക് ഒഴിച്ചത്. ഭീഷണിസ്വരത്തിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

ആക്രമണത്തിന് ശേഷവും പരിപാടി തുടര്‍ന്നിരുന്നു. സമത്വത്തിനും സാമൂഹ്യനീതിക്കും പീഡിത സമൂഹങ്ങളുടെ സ്വരങ്ങള്‍ക്കും വേണ്ടിയുള്ള വേദിയെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിതമായ ആക്രമണമാണിതെന്ന് ഐസ പ്രസ്താവനയില്‍ പറഞ്ഞു.

നിങ്ങള്‍, കാമ്പസ് മറന്നേക്കു, റോഡിലിറങ്ങിനില്‍ക്കാനോ സംസാരിക്കാനോ പോലും പറ്റാത്ത അവസ്ഥാണ് നിലനില്‍ക്കുന്നതെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ധൈര്യത്തോടെ നിലയുറച്ചതോടെ എബിവിപി സംഘം പിന്‍മാറി. ചര്‍ച്ചകളും ജനാധിപത്യ സംവാദങ്ങളും എബിവിപി ഭയക്കുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥി രാഷ്ട്രീയം സംരക്ഷിക്കാനുള്ളതല്ല എബിവിപിയുടെ രാഷ്ട്രീയം. മറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളെ മൂടിക്കെട്ടാനും പുരോഗമന സ്വരങ്ങളെ ഭീഷണിപ്പെടുത്താനും സര്‍വകലാശാലകളെ പഠനത്തിനുപകരം ഭീതിയുടെ കേന്ദ്രങ്ങളാക്കി മാറ്റാനുമാണ് എബിവിപി ശ്രമിക്കുന്നതെന്നും ഐസ പ്രസ്താവനയില്‍ പറഞ്ഞു.

ഞങ്ങളെ ഭീഷണിപ്പെടുത്താനാവില്ല. ഞങ്ങളുടെ സ്വരം മൂടിക്കെട്ടാനാവില്ല. എബിവിപിയുടെ വര്‍ഗീയവും സാമൂഹ്യനീതിവിരുദ്ധവുമായ നിന്ദ്യമായ ആക്രമണങ്ങള്‍ക്കെതിരെ ഐസ് ഓരോ ഘട്ടത്തിലും പ്രതിരോധിക്കും. ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥികളുടേതാണ് സംവാദത്തിന്റെയും സമത്വത്തിനായുള്ള പോരാട്ടങ്ങളുടേതുമാണ്. അധികാരാധിപത്യ രാഷ്ട്രീയത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന അക്രമ സംഘങ്ങളുടേതല്ല. പ്രതിരോധം കൂടുതല്‍ ശക്തമാകുമെന്നും ഐസ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.