ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ തടവിലുള്ള ഇസ്രായേലികളെ തിങ്കളാഴ്ച രാവിലെ മുതല്‍ വിട്ടയച്ചു തുടങ്ങും. ഗസയിലെ മൂന്നു പ്രദേശങ്ങളില്‍ വച്ചാണ് തടവുകാരെ റെഡ്‌ക്രോസിന് കൈമാറുക. 20 പേര്‍ ഇതിലുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. പ്രാദേശിക സമയം ആറു മണിയോടെ(ഇന്ത്യന്‍ സമയം-രാവിലെ 8.30) നടപടികള്‍ ആരംഭിക്കും. വിഷയത്തില്‍ റെഡ്‌ക്രോസുമായി ഹമാസ് നേതാക്കള്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. റെഡ് ക്രോസ് ഏറ്റെടുക്കുന്ന തടവുകാരെ ഇസ്രായേലി സൈന്യത്തിന് കൈമാറും. അവരെ നെഗേവ് മരുഭൂമിയിലെ റീം ക്യാംപിലേക്ക് മാറ്റും.
അതേസമയം, 1965ല്‍ സിറിയന്‍ സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധിച്ച ഇസ്രായേലി ചാരന്‍ എലി കോഹന്റെ ഭൗതിക അവശിഷ്ടങ്ങള്‍ ഇസ്രായേലി സര്‍ക്കാരിന് കൈമാറുന്ന നടപടികള്‍ പുരോഗമിക്കുന്നതായി സൗദി ചാനലായ അല്‍ ഹദാത്ത് റിപോര്‍ട്ട് ചെയ്തു. എലി കോഹന്റെ മൃതദേഹം നല്‍കിയാല്‍ സിറിയന്‍ തടവുകാരെ വിട്ടയക്കാമെന്ന് ഇസ്രായേല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ബശ്ശാറുല്‍ അസദ് ഭരണകൂടം അതിന് സമ്മതിച്ചില്ല. അസദ് അധികാരത്തില്‍ നിന്ന് പുറത്തായ ശേഷമാണ് പുതിയ തീരുമാനം.