''ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ല; ഗസയില്‍ മാര്‍ഷല്‍ പ്ലാന്‍ നടപ്പാക്കാം'': സൗദി രാജകുമാരന്‍

Update: 2025-02-16 14:36 GMT

മ്യൂണിക്ക് (ജര്‍മനി): ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് കുടിയൊഴിപ്പിക്കാനാവില്ലെന്നും ഗസയുടെ പുനര്‍നിര്‍മാണത്തിനായി മാര്‍ഷല്‍ പ്ലാന്‍ നടപ്പാക്കാവുന്നതാണെന്നും സൗദി രാജകുമാരന്‍ തുര്‍ക്കി അല്‍ ഫൈസല്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ യൂറോപ്പിനെ പുനര്‍നിര്‍മിക്കാന്‍ യുഎസ് നടപ്പാക്കിയ പദ്ധതിയുടെ പേരാണ് മാര്‍ഷല്‍ പ്ലാന്‍. യൂറോപ്യന്‍മാരെ കുടിയൊഴിപ്പിക്കാതെയാണ് യൂറോപ്പ് പുനര്‍നിര്‍മിച്ചത്. ഇന്നത്തെ കണക്കില്‍ ഏകദേശം 173 ബില്യണ്‍ ഡോളറാണ് അന്ന് യുഎസ് യൂറോപിനായി ചെലവഴിച്ചത്. ഫലസ്തീനികളെ ജോര്‍ദാനോ ഈജിപ്‌തോ ഏറ്റെടുക്കണമെന്ന ട്രംപിന്റെ നിലപാട് ആരും സ്വീകരിച്ചിട്ടില്ലെന്നും മ്യൂണിക് സുരക്ഷാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേ സൗദി രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി കൂടിയായ തുര്‍ക്കി അല്‍ ഫൈസല്‍ പറഞ്ഞു.

ട്രംപിന്റെ പദ്ധതിക്ക് ബദലായി നിരവധി പദ്ധതികളുണ്ട്. അറബ് സമാധാന പദ്ധതിയാണ് അതില്‍ പ്രധാനം. ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതിന് കഴിയും. തൂഫാനുല്‍ അഖ്‌സയ്ക്ക് മുമ്പും ശേഷവും യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രായേല്‍ ഫലസ്തീനികളെ കൊലപ്പെടുത്തിയത്. ഇക്കാര്യം കൂടി ഓര്‍ത്തുവേണം യുഎസ് നിലപാടുകള്‍ പറയാനെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗസയുടെ ഭാവി ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി 20ന് സൗദിയില്‍ പ്രത്യേക യോഗം നടക്കും. ഈജിപ്ത്, ജോര്‍ദാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പങ്കെടുക്കും.