പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്; ഗതാഗത നിയന്ത്രണം

Update: 2026-01-23 01:35 GMT

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്. രാവിലെ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നഗരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് പുത്തരിക്കണ്ടത്തെ ഔദ്യോഗിക പരിപാടികള്‍ക്കായുള്ള ആദ്യവേദിയില്‍ രാവിലെ 10.30ന് തിരുവനന്തപുരം താംബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗര്‍കോവില്‍ മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ എന്നിവ ഫ്ലാഗ് ഓഫ് ചെയ്യും. ഇതേ ചടങ്ങില്‍ തന്നെയാണ് ഇന്നവേഷന്‍, ടെക്‌നോളജി ആന്‍ഡ് ഒന്‍ട്രപ്രനര്‍ഷിപ് ഹബ്ബിന്റെ തറക്കല്ലിടലും നിര്‍വഹിക്കുക. ലൈഫ് സയന്‍സസ് മേഖലയിലെ ഡീപ് ടെക് ഇന്നവേഷന്‍, സംരംഭകത്വ പരിശീലനം, ആയുര്‍വേദ ഗവേഷണം, സുഗന്ധവ്യഞ്ജന ഇന്‍കുബേഷന്‍, ഗ്രീന്‍ ഹൈഡ്രജന്‍ സാങ്കേതിക വിദ്യ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഹബ്. പാപ്പനംകോട് സിഎസ്ഐആറില്‍ ഹബ്ബിനായി 10 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ ചടങ്ങുകള്‍ക്കു ശേഷം പാര്‍ട്ടി വേദിയിലേക്ക് പ്രധാനമന്ത്രി മാറും.

നഗരത്തില്‍ ഗതാഗത ക്രമീകരണം

രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് - ശംഖുമുഖം -ഓള്‍സെയിന്റ്‌സ്-ചാക്ക പേട്ട-പള്ളിമുക്ക്-പാറ്റൂര്‍-ജനറല്‍ ആശുപത്രി- ആശാന്‍ സ്‌ക്വയര്‍- രക്തസാക്ഷി മണ്ഡപം- വിജെറ്റി- മെയിന്‍ഗേറ്റ്- സ്റ്റാച്യു-പുളിമൂട് - ആയൂര്‍വേദ കോളേജ്- ഓവര്‍ബ്രിഡ്ജ്- മേലേപഴവങ്ങാടി-പവര്‍ഹൗസ് ജംഗ്ഷന്‍- ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

കൂടാതെ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ശംഖുംമുഖം - ഡൊമസ്റ്റിക് എയര്‍ പോര്‍ട്ട് -വലിയതുറ പൊന്നറപ്പാലം -കല്ലുംമ്മൂട് -അനന്തപുരി ഹോസ്പിറ്റല്‍ -ഈഞ്ചയ്ക്കല്‍ - മിത്രാനന്ദപുരം - എസ് പി ഫോര്‍ട്ട് - ശ്രീകണ്‌ഠേശ്വരം പാര്‍ക്ക് - തകരപ്പറമ്പ് മേല്‍പ്പാലം - പവര്‍ഹൌസ് ജംഗ്ക്ഷന്‍ വരെയുളള റോഡിലും, ചാക്ക-അനന്തപുരി ഹോസ്പിറ്റല്‍ റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

പ്രധാനമന്ത്രി പോകുന്ന സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തും. രാവിലെ 10 മുതല്‍ 11 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 1 വരെയും ഗതാഗതം വഴിതിരിച്ചു വിടും.

ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ഭാഗത്ത് നിന്നും ശംഖുമുഖം വഴി പോകുന്ന വാഹനങ്ങള്‍ വലിയതുറ - പൊന്നറ പാലം - കല്ലുുംമൂട് ഭാഗം വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളില്‍ നിന്നും ആള്‍സെയിന്‍സ് വഴി പോകുന്ന വാഹനങ്ങള്‍ മാധവപുരം-വെണ്‍പാലവട്ടം വഴിയും പോകണം.

കഴക്കൂട്ടം ഭാഗത്ത് നിന്നും ചാക്ക വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകുന്ന വാഹനങ്ങള്‍ വെണ്‍പാലവട്ടം -കുമാരപുരം- പട്ടം -കവടിയാര്‍ വഴി പോകണം.

പി.എം.ജി ഭാഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങള്‍ എല്‍എംഎസ് - പബ്ലിക് ലൈബ്രറി - പഞ്ചാപുര വഴിയും വെള്ളയമ്പലം ഭഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങള്‍ വഴുതയ്ക്കാട് -വിമന്‍സ് കോളേജ് - തൈക്കാട് വഴിയും പോകണം.

തമ്പാനൂര്‍ ഭാഗത്ത് നിന്നും ഓവര്‍ബ്രിഡ്ജ് വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങല്‍ ചൂരക്കാട്ട്പാളയം- കിള്ളിപാലം - അട്ടക്കുളങ്ങര വഴി പോകണം.

അട്ടക്കുളങ്ങര ഭാഗത്ത് നിന്നും കിഴക്കേകോട്ട വഴി പോകുന്ന വാഹനങ്ങള്‍ കിള്ളിപ്പാലം വഴിയോ ഈഞ്ചയ്ക്കല്‍ വഴിയോ പോകണം.

കിഴക്കേകോട്ട ഭാഗത്തുനിന്നും പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ അട്ടകുളങ്ങര ഭാഗത്ത് നിന്നാണ് സര്‍വ്വീസ് നടത്തുന്നത്.

പുത്തരികണ്ടം മൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വാഹനങ്ങളില്‍ എത്തിച്ചേരുന്ന പ്രവര്‍ത്തകരെ കിള്ളിപാലം, അട്ടകുളങ്ങര, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക് എന്നീ ഭാഗങ്ങളില്‍ ഇറക്കിയ ശേഷം വലിയ വാഹനങ്ങള്‍ ആറ്റുകാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട്, ഹോമിയോ കോളജ് പാര്‍ക്കിംഗ് ഗ്രൗണ്ട്, ചാല സ്‌കൂള്‍ ഗ്രൌണ്ട്, പൂജപ്പുര ഗ്രൗണ്ട്, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും, ചെറിയ വാഹനങ്ങള്‍ ഫോര്‍ട്ട് സ്‌കൂള്‍ ഗ്രൌണ്ട്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ സ്‌കൂള്‍ഗ്രൗണ്ട്, വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഫോര്‍ട്ട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും പാര്‍ക്ക്‌ചെയ്യണം.

വിമാനത്താവളത്തിലേക്കും, റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്‌ളൈ ഓവര്‍ , ഈഞ്ചക്കല്‍ ,കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകണം.