ഇസ്രായേല്‍ ഉള്ളിടത്തോളം കാലം പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാവില്ല: അന്‍സാറുല്ല

Update: 2025-09-09 15:22 GMT

സന്‍ആ: ഇസ്രായേല്‍ എന്ന സയണിസ്റ്റ് രാജ്യം നിലവിലുള്ളിടത്തോളം കാലം പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാവില്ലെന്ന് യെമന്‍ സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് മഹ്ദി അല്‍ മഷാത്ത്. ഖത്തറിലെ ദോഹയില്‍ ഫലസ്തീനി മധ്യസ്ഥ സംഘം താമസിക്കുന്ന കെട്ടിടങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

''ഖത്തറിലെ സയണിസ്റ്റ് ആക്രമണവും ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള സയണിസ്റ്റ് ശത്രുവിന്റെ പ്രസ്താവനയും പരമാധികാര രാഷ്ട്രത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നു, ഇത് എല്ലാ അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് മണി മുഴക്കുന്നു. വൈകുന്നതിന് മുമ്പ് ജാഗ്രത പാലിക്കുക''-അദ്ദേഹം പറഞ്ഞു.

സയണിസ്റ്റ് ഭീഷണിയെ നേരിടാന്‍ ഒന്നിച്ചില്ലെങ്കില്‍, മേഖലയിലെ എല്ലാ രാജ്യങ്ങളിലും ഇസ്രായേല്‍ സമാനമായ ആക്രമണങ്ങള്‍ നടത്തും. കുറ്റവാളി ട്രംപിന്റെ അനുമതിയും പച്ചക്കൊടിയും ഇല്ലാതെ ഇസ്രായേല്‍ ഇങ്ങനെയൊരു ആക്രമണം നടത്തില്ല. ''അമേരിക്കയെ വിശ്വസിക്കരുത്, അത് സയണിസത്തിന്റെ പ്രായോജകനും സേവകനുമാണ്. ഈ ശത്രുവിനെ നേരിടുന്നതില്‍ നമ്മുടെ ഐക്യം അനിവാര്യമായ ഒരു തിരഞ്ഞെടുപ്പാണ്.''

ഫലസ്തീനിലെ ഹമാസ് അടക്കമുള്ള എല്ലാ മുജാഹിദീന്‍ വിഭാഗങ്ങള്‍ക്കും യെമന്‍ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ചര്‍ച്ചാ പ്രതിനിധി സംഘത്തെ സയണിസ്റ്റ് ശത്രു വഞ്ചനാപരമായി ലക്ഷ്യം വച്ചത് ചെറുത്തുനില്‍പ്പിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. ''യെമനികള്‍ ഫലസ്തീനൊപ്പമുണ്ട്. നിങ്ങളുടെ നിലപാട് ഞങ്ങളുടെയും നിലപാടാണ്, നിങ്ങളുടെ പ്രതികാരം ഞങ്ങളുടെയും പ്രതികാരമാണ്. ഗസയിലെ ആക്രമണം അവസാനിക്കുകയും ഉപരോധം നീക്കുകയും ചെയ്യുന്നതുവരെ ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുന്നത് തുടരും.''-അദ്ദേഹം പറഞ്ഞു.