സലാഹുദ്ദീന്‍ അയ്യൂബിയുടെ പിന്‍ഗാമികളായ കുര്‍ദുകളെ ഉപദ്രവിക്കുമെന്നത് വ്യാജ പ്രചാരണം: സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍ ഷറ

Update: 2026-01-17 03:01 GMT

ദമസ്‌കസ്: കുര്‍ദുകള്‍ സിറിയന്‍ ജനങ്ങളില്‍ ഉള്‍പ്പെടുന്നവരാണെന്ന ഔദ്യോഗിക ഉത്തരവില്‍ ഒപ്പിട്ട് പ്രസിഡന്റ് അഹമദ് അല്‍ ഷറ. എല്ലാ സിറിയന്‍ പൗരന്‍മാര്‍ക്കും തുല്യതയും അവകാശങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭരണഘടനാപരമായ ഉത്തരവെന്ന് അഹമദ് അല്‍ ഷറ പറഞ്ഞു.

ഉത്തരവിലെ പ്രസക്ത ഭാഗങ്ങള്‍

ആര്‍ട്ടിക്കിള്‍ 1: കുര്‍ദിഷ് പൗരന്മാരെ സിറിയന്‍ ജനതയുടെ അനിവാര്യവും ആധികാരികവുമായ ഭാഗമായി കണക്കാക്കുന്നു. അവരുടെ സാംസ്‌കാരികവും ഭാഷാപരവുമായ സ്വത്വം സിറിയയുടെ ഏകീകൃതവും വൈവിധ്യപൂര്‍ണ്ണവുമായ ദേശീയ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണ്.

ആര്‍ട്ടിക്കിള്‍ 2: സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, കൂടാതെ കുര്‍ദിഷ് പൗരന്മാര്‍ക്ക് അവരുടെ പൈതൃകം, കലകള്‍ എന്നിവ സംരക്ഷിക്കാനും ദേശീയ പരമാധികാരത്തിന്റെ ചട്ടക്കൂടിനുള്ളില്‍ അവരുടെ മാതൃഭാഷ വികസിപ്പിക്കാനുമുള്ള അവകാശം ഉറപ്പുനല്‍കുന്നു.

ആര്‍ട്ടിക്കിള്‍ 3: കുര്‍ദിഷ് ഭാഷയെ ദേശീയ ഭാഷയായി കണക്കാക്കുന്നു. കുര്‍ദുകള്‍ ജനസംഖ്യയുടെ ഗണ്യമായ ശതമാനം ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളിലെ പൊതു, സ്വകാര്യ സ്‌കൂളുകളില്‍, പാഠ്യപദ്ധതിയുടെ ഭാഗമായോ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനമായോ കുര്‍ദിഷ് ഭാഷ പഠിപ്പിക്കാന്‍ അനുവാദമുണ്ട്.

ആര്‍ട്ടിക്കിള്‍ 4: അല്‍-ഹസാക്ക പ്രവിശ്യയിലെ 1962 ലെ സെന്‍സസിന്റെ ഫലമായുണ്ടായ എല്ലാ അസാധാരണ നിയമങ്ങളും നടപടികളും റദ്ദാക്കപ്പെടുന്നു. മുമ്പ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉള്‍പ്പെടെ, സിറിയയില്‍ താമസിക്കുന്ന കുര്‍ദിഷ് വംശജരായ എല്ലാ താമസക്കാര്‍ക്കും സിറിയന്‍ പൗരത്വം നല്‍കുന്നു.

ആര്‍ട്ടിക്കിള്‍ 5: സാഹോദര്യത്തെ പ്രതീകപ്പെടുത്തുന്ന ഒരു ദേശീയ ആഘോഷമെന്ന നിലയില്‍, സിറിയന്‍ അറബ് റിപ്പബ്ലിക്കിലുടനീളം 'നൗറൂസ്' അവധി (മാര്‍ച്ച് 21) ഔദ്യോഗിക ശമ്പളത്തോടുകൂടിയ അവധി ദിവസമായി പ്രഖ്യാപിക്കുന്നു.

ആര്‍ട്ടിക്കിള്‍ 6: വംശീയതയെയോ ഭാഷയെയോ അടിസ്ഥാനമാക്കിയുള്ള ഏതൊരു വിവേചനമോ ഒഴിവാക്കലോ നിയമപരമായി നിരോധിച്ചിരിക്കുന്നു. വംശീയ സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്നത് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ശിക്ഷാര്‍ഹമായിരിക്കും.

ആര്‍ട്ടിക്കിള്‍ 7: ഈ ഉത്തരവിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ എക്‌സിക്യൂട്ടീവ് നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളും അധികാരികളും പുറപ്പെടുവിക്കും.

ആര്‍ട്ടിക്കിള്‍ 8: ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും അത് പുറപ്പെടുവിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും.

ഒരു കുര്‍ദ് വിഭാഗക്കാരനെക്കാളോ തുര്‍ക്ക് വംശജനെക്കാളോ അറബിക്ക് ഒരു ശ്രേഷ്ഠതയുമില്ലെന്ന് ടിവിയിലൂടെ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ അഹമദ് അല്‍ ഷറ പറഞ്ഞു. സലാഹുദ്ദീന്‍ അയ്യൂബിയുടെ പിന്‍ഗാമികളായ കുര്‍ദുകള്‍ വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കാതിരിക്കുക. '' ദൈവത്താല്‍ സത്യം, നിങ്ങളെ ഉപദ്രവിക്കുന്ന ഏതൊരാളും ന്യായവിധി ദിവസം വരെ ഞങ്ങളുടെ എതിരാളിയാണ്. നിങ്ങളുടെ ജീവിതമാണ് ഞങ്ങളുടെ ജീവിതം. രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും ക്ഷേമം, വികസനം, പുനര്‍നിര്‍മ്മാണം, രാഷ്ട്രത്തിന്റെ ഐക്യം എന്നിവയല്ലാതെ മറ്റൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ഈ നന്മയുടെ വിഹിതം ആര്‍ക്കും നിഷേധിക്കപ്പെടില്ല,''പ്രസിഡന്റ് പറഞ്ഞു.