ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍ പ്രത്യേക പോലിസ് സംഘം അന്വേഷിക്കണമെന്ന് പ്രകാശ് രാജ്; എന്‍ഐഎ അന്വേഷണം വേണമെന്ന് സിപിഐ എംപി
ബംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്തു കുഴിച്ചിട്ടെന്ന പരാതി പ്രത്യേക പോലിസ് സംഘം അന്വേഷിക്കണമെന്ന് നടന്‍ പ്രകാശ് രാജ്. അന്വേഷണം വൈകുന്നത് പ്രതികളെ നിര്‍ണായകമായ തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിക്കുമെന്ന് പ്രകാശ് രാജ് മുന്നറിയിപ്പ് നല്‍കി. ഇതുവരെ തെറ്റായ അന്വേഷണം നടത്തിയവര്‍ക്കെതിരേ നടപടി വേണമെന്നും പ്രകാശ് രാജ് അഭ്യര്‍ത്ഥിച്ചു.
കേസിലെ പ്രധാന സാക്ഷിയെ ബെല്‍ത്തങ്ങാടി കോടതിയില്‍ കൊണ്ടുവന്നപ്പോള്‍
കൊലപാതകങ്ങളില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് സിപിഐയുടെ രാജ്യസഭാ എംപി പി സന്തോഷ് കുമാര്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതി.
പി സന്തോഷ് കുമാര്‍
1970 മുതല്‍ പ്രദേശത്ത് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാലങ്ങളില്‍ നടന്നിരുന്ന ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളെല്ലാം ഇന്ന് നോക്കുമ്പോള്‍ ഭീകരമായി തോന്നുന്നു. 1979ല്‍ വേദവല്ലി എന്ന അധ്യാപികയെ കത്തിച്ചുകൊന്നിരുന്നു. 1986ല്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകളായ പത്മലത എന്ന പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയുടെ മൃതദേഹം നേത്രാവതി നദിയുടെ തീരത്ത് നിന്ന് ലഭിച്ചു. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് സമീപം താമസിച്ചിരുന്ന നാരായണന്‍, യമുന എന്നിവര്‍ 2012ല്‍ കൊല്ലപ്പെട്ടിരുന്നു. അവരുടെ ഭൂമിയില്‍ ചിലര്‍ക്ക് നോട്ടമുണ്ടായിരുന്നു. അവരുടെ മരണശേഷം ആ ഭൂമിയില്‍ വലിയ കെട്ടിടം ഉയര്‍ന്നു. 2012ല്‍ സൗജന്യയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മാനസിക പ്രശ്‌നങ്ങളുള്ള ഒരാളെ നിഗൂഡശക്തികളും പോലിസും ചേര്‍ന്ന് പ്രതിയാക്കി. അയാളെ വിചാരണക്കോടതി വെറുതെവിട്ടു. നിരവധി പേര്‍ ചേര്‍ന്നാണ് സൗജന്യയെ ബലാല്‍സംഗം ചെയ്തതെന്നാണ് വിചാരണക്കോടതി വിലയിരുത്തിയത്.
പുതുവെട്ടു, കല്ലേരി, ബോളിയാര്‍, അന്നപ്പ, ഗോമതി ഹില്‍സ് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നുണ്ടെന്നും എംപി പറഞ്ഞു. പല മൃതദേഹങ്ങളും സ്ത്രീകളുടേതായിരുന്നു. കത്തിച്ചതും ആസിഡ് ഒഴിച്ചതുമായ മൃതദേഹങ്ങള്‍ നാട്ടുകാര്‍ കണ്ടിട്ടുണ്ട്. ധര്‍മസ്ഥലയില്‍ അസ്വാഭാവിക മരണങ്ങള്‍ കൂടുതലാണെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്. 1995-2014 കാലത്ത് 500ഓളം മൃതദേഹങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നാണ് മുന്‍ ശുചീകരണ തൊഴിലാളി പറയുന്നത്. വിശുദ്ധനഗരമായ ധര്‍മസ്ഥലയെ പൈശാചിക നഗരമാക്കിയവര്‍ക്കെതിരേ നടപടി വേണമെന്നും എംപി ആവശ്യപ്പെട്ടു. ബിജെപിയുടെ രാജ്യസഭാ എംപി വീരേന്ദ്ര ഹെഗ്ഗഡെയുടെ നേതൃത്വത്തിലുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

