എഫ്‌സിആര്‍എ വിവാദം തിരഞ്ഞെടുപ്പില്‍ ബിജെപിയെ ബാധിക്കില്ലെന്ന് ജാവ്‌ദേക്കര്‍
ന്യൂഡല്‍ഹി: കേരളത്തിലെ തിരഞ്ഞെടുപ്പില്‍ എഫ്‌സിആര്‍എ വിവാദം ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് കേരളത്തിന്റ ചുമതലയുള്ള മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. കൂടിയാലോചന ഇല്ലാതെ നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്രമന്ത്രി അടക്കം ക്രൈസ്തവ സഭാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണ്. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകളില്‍ സഭാ നേതൃത്വം തൃപ്തിയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. വിദേശത്ത് നിന്നും വരുന്ന പണം വകമാറ്റി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കാണ് നിയമം തിരിച്ചടിയാവുകയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ സംസ്ഥാനത്ത് ബിജെപി സീറ്റ് രണ്ടക്കം കടക്കുമെന്ന പ്രതീക്ഷയും ജാവ്‌ദേക്കര്‍ പങ്കുവെച്ചു.
2026 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച എഫ്‌സിആര്‍എ ഭേദഗതി ബില്ലാണ് നിലവിലെ വിവാദങ്ങള്‍ക്ക് ആധാരം. വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ മേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്ന ഈ ബില്ലിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
പുതിയ നിയമമനുസരിച്ച് ഒരു സംഘടനയുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്താല്‍, ആ സംഘടനയുടെ വിദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആസ്തികള്‍ (കെട്ടിടങ്ങള്‍, വാഹനങ്ങള്‍ മുതലായവ) ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കും. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സഭകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സംഘടനകളെ ഈ നിയമം ലക്ഷ്യം വയ്ക്കുന്നുവെന്നാണ് പ്രധാന ആരോപണം. വിദേശ ഫണ്ടുകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനോ ഉപയോഗിക്കുന്നത് തടയാനാണ് ഭേദഗതിയെന്നാണ് കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും നിത്യാനന്ദ് റായിയും പറയുന്നത്.
