'പോറ്റിയെ കേറ്റിയെ'; പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി

Update: 2025-12-17 02:47 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെ കുറിച്ചുള്ള യുഡിഎഫിന്റെ 'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി. എഡിജിപിയുടെ അന്വേഷണത്തിന് ഒടുവില്‍ നടപടി സ്വീകരിക്കും. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരന്‍. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്.രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് വേദനിപ്പിച്ചു എന്നെല്ലാമാണ് പരാതിയില്‍ പറയുന്നത്.

നാദാപുരം സ്വദേശിയായ കുഞ്ഞബ്ദുള്ള എന്ന പ്രവാസി വ്യവസായി ആണ് ഗാനം എഴുതിയത്. ജി പി ചാലപ്പുറം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കുഞ്ഞബ്ദുള്ള പ്രവാസിയാണ്. ഖത്തറിലാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പുകാലത്ത് മുഹമ്മദ് ഡാനിഷ് എന്ന യുവാവാണ് ഈ പാരഡി ഗാനം വൈറലാക്കിയത്. സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യത നേടിയ ഗാനം തിരഞ്ഞെടുപ്പ് ഫലം വന്നതോടെ വീണ്ടും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ സജീവമായി.