അമിത് ഷായെ തമിഴ്‌നാട്ടിലേക്ക് സ്വാഗതം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍; ബാനറിലെ ചിത്രം മാറി, ഷായ്ക്ക് പകരം സംവിധായകന്‍ സന്താന ഭാരതി

Update: 2025-03-08 04:43 GMT

ചെന്നൈ: സിഐഎസ്എഫിന്റെ റൈസിങ് ഡേയില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സ്വാഗതം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബാനറുകള്‍ വിവാദമായി. അമിത് ഷായ്ക്ക് പകരം താടിയും കഷണ്ടിയുമുള്ള മറ്റൊരാളുടെ ചിത്രമാണ് റാണിപേട്ട ജില്ലയിലെ മുത്തുക്കടൈയില്‍ സ്ഥാപിച്ച ബാനറുകളിലുള്ളത്. 'ഗുണ' എന്ന സിനിമയുടെ സംവിധായകനും നടനുമായ സന്താന ഭാരതിയുടെ ചിത്രമാണ് ബാനറിലുള്ളത്.


'വര്‍ത്തമാന ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍, ജീവിക്കുന്ന ഇതിഹാസം' എന്നാണ് ബാനര്‍ അമിത് ഷായെ വിശേഷിപ്പിക്കുന്നത്. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അരുള്‍ മൊഴിയുടെ പേരും ബാനറുകളിലുണ്ട്. സംഭവം വിവാദമായതോടെ അരുള്‍ മൊഴി പ്രവര്‍ത്തകരെ കൈയ്യൊഴിഞ്ഞു. ബാനര്‍ തന്റെ അറിവോടെ സ്ഥാപിച്ചതല്ലെന്നും തനിക്ക് ഉത്തരവാദിത്വമില്ലെന്നും അരുള്‍മൊഴി പറഞ്ഞു. സംഭവത്തില്‍ പോലിസില്‍ പരാതിയും നല്‍കി.

ബിജെപി പ്രവര്‍ത്തകര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത ഉരുക്കുമനുഷ്യനാണ് അമിത് ഷായെന്ന് പരിഹസിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പും ബിജെപി പ്രവര്‍ത്തകര്‍ അമിത് ഷായ്ക്കു പകരം ഭാരതി സന്താനത്തിന്റെ ചിത്രം ഉപയോഗിച്ചിരുന്നു.