സംഭലില്‍ നിന്നും 74 പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലിസ്; മസ്ജിദിന്റെ ചുവരിലും പോസ്റ്റര്‍ പതിച്ചു
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 74 പേരുടെ ചിത്രങ്ങള്‍ പോലിസ് പൊതുസ്ഥലങ്ങളില്‍ പതിച്ചു. മസ്ജിദിന്റെ ചുവരുകളിലും പോസ്റ്ററുകളും ഫ്‌ളെക്‌സുകളും പതിച്ചിട്ടുണ്ട്.
സംഘര്‍ഷത്തില്‍ പങ്കെടുത്ത 74 പേര്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അതിനാലാണ് പോസ്റ്റര്‍ പതിച്ചതെന്നും എഎസ്പി ശ്രീഷ് ചന്ദ്ര പറഞ്ഞു. പോസ്റ്ററുകള്‍ കീറാന്‍ ആരെയും അനുവദിക്കരുതെന്ന് മസ്ജിദിന് സമീപം പുതുതായി നിര്‍മിച്ച ഔട്ട്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് എഎസ്പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ ഒരാളുടെ ചിത്രങ്ങളെല്ലാം ആരോ കീറിക്കളഞ്ഞു. ഇയാളെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കോട്‌വാലി എസ്എച്ച്ഒ അനൂജ് കുമാര്‍ പറഞ്ഞു.
സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് ഹിന്ദുക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വരുടെ ഹരജിയില്‍ സര്‍വേക്കെത്തിയ പോലിസ് 2024 നവംബര്‍ 24ന് ആറ് മുസ്‌ലിം യുവാക്കളെ വെടിവെച്ചു കൊന്നിരുന്നു. അന്നുനടന്ന സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞ് നാലു സ്ത്രീകള്‍ അടക്കം 76 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കാര്‍ക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഇതിന് പുറമെയാണ് 74 പേരെ കൂടി അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നത്. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പണം സമ്മാനമായി നല്‍കുമെന്ന് പോലിസ് അറിയിച്ചു.
