വോട്ടുകള്ളന്‍ 'രാവണനെ' വധിക്കുന്ന രാമനായി രാഹുല്‍ഗാന്ധി; ഉത്തര്‍പ്രദേശിലെ ലഖ്‌നോവിലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് ബാനര്‍
ലഖ്‌നോ: ദസറ ആഘോഷത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് സ്ഥാപിച്ച ബാനര്‍ ചര്‍ച്ചയാവുന്നു. വോട്ടുകള്ളനായ രാവണനെ വധിക്കുന്ന ശ്രീരാമനായാണ് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ചിത്രീകരിച്ചിരിക്കുന്നത്. രാവണന്റെ മറ്റുതലകളില്‍ ഇഡി, അഴിമതി, വിലക്കയറ്റം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നൊക്കെ എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായിയാണ് ബാനറിലെ ലക്ഷ്മണന്‍. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുഐയിന്റെ വൈസ് പ്രസിഡന്റായ ആര്യന്‍ മിശ്രയാണ് ബാനര്‍ സ്ഥാപിച്ചത്.
എന്നാല്‍, ബാനറിനെതിരേ ബിജെപി രംഗത്തെത്തി. '' ശ്രീരാമവിരുദ്ധനായ, സനാതന ധര്‍മത്തെ ബഹുമാനിക്കാത്ത, അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാത്തവര്‍ ഇപ്പോള്‍ സ്വയം രാമനായി കാണിക്കുന്നു.''-ബിജെപി വക്താവ് ആരോപിച്ചു. ബിജെപിക്ക് മറുപടിയായി ആര്യന്‍ മിശ്ര പ്രതികരിച്ചു. '' ബിജെപി ഹിന്ദുക്കളുടെ സംരക്ഷകരായി സ്വയം ചിത്രീകരിക്കാന്‍ ശ്രമിക്കരുത്. രാഹുല്‍ ഗാന്ധി 'രാമരാജ്യം' കൊണ്ടുവരാന്‍ മാത്രമാണ് ശ്രമിക്കുന്നത്. ഹോര്‍ഡിംഗുകളില്‍ തെറ്റൊന്നുമില്ല. രാഹുല്‍ ഗാന്ധിയെ ഭഗവാന്‍ രാമനായും സംസ്ഥാന പ്രസിഡന്റ് അജയ് റായിയെ ലക്ഷ്മണായും ബാനര്‍ ശരിയായി ചിത്രീകരിക്കുന്നു. വിദ്വേഷത്തിനും അഴിമതിക്കും എതിരെ പോരാടുന്നതിലൂടെ രാഹുല്‍ ഗാന്ധിയാണ് യഥാര്‍ത്ഥത്തില്‍ രാമന്റെ പ്രവൃത്തികള്‍ ചെയ്യുന്നത്. ബിജെപി നേതാക്കള്‍ അവരുടെ വ്യക്തിപരമായ നേട്ടത്തിനായി മാത്രമേ രാമനെക്കുറിച്ച് സംസാരിക്കുന്നുള്ളൂ. അവര്‍ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നില്ല. 2014ന് മുമ്പും ഞങ്ങള്‍ ഹിന്ദുക്കളായിരുന്നു. ഇന്നും നാളെയും ഞങ്ങള്‍ ഹിന്ദുക്കളാണ്. ഹിന്ദുമതത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബിജെപിക്കാര്‍ ആരാണ്?'''- ആര്യന്‍ മിശ്ര വിശദീകരിച്ചു.
ഈ ചിത്രീകരണം പ്രതീകാത്മകമാണെന്നും അഴിമതി, വിലക്കയറ്റം, വോട്ട് മോഷണം തുടങ്ങിയ പ്രശ്‌നങ്ങളാല്‍ വലയുന്ന രാജ്യത്തെ കോടിക്കണക്കിന് യുവാക്കളുടെയും വികാരമാണ് ഇത് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായ് പറഞ്ഞു. '' രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ യുവാക്കള്‍ രാഹുല്‍ഗാന്ധിയെ നോക്കുന്നു. യുവാക്കളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ മനസ്സിലാക്കുന്നതിനുപകരം ബിജെപി നിഷേധാത്മകതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം കളിക്കുകയാണ്.''-അദ്ദേഹം കൂട്ടിചേര്‍ത്തു.
