ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും: പോര്‍ച്ചുഗല്‍

Update: 2025-07-31 15:33 GMT

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പോര്‍ച്ചുഗല്‍. സെപ്റ്റംബറിന് മുമ്പ് തന്നെ പ്രഖ്യാപനമുണ്ടാവുമെന്ന് പോര്‍ച്ചുഗല്‍ വിദേശകാര്യമന്ത്രി പൗളോ റെയ്ഞല്‍ പറഞ്ഞു. വിഷയത്തില്‍ മറ്റു രാജ്യങ്ങളുമായി കാലങ്ങളായി ചര്‍ച്ച നടക്കുകയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒറ്റയ്‌ക്കൊരു തീരുമാനമെടുത്തില്ല. ഞങ്ങളുമായി അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നു. തീരുമാനങ്ങളെല്ലാം കൂട്ടത്തോടെയാണ് എടുക്കുന്നത്. യൂറോപ്പില്‍ നിന്നും ഇനിയും രാജ്യങ്ങള്‍ അംഗീകാരം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2025 മാര്‍ച്ച് വരെ നോക്കുമ്പോള്‍ ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ 147 പേരും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നു. അതായത്, ലോകത്തെ 75 ശതമാനം രാജ്യങ്ങളും ഫലസ്തീന് അനുകൂലമാണ്. 2024ന് ശേഷം ആര്‍മേനിയ, സ്ലൊവേനിയ, അയര്‍ലാന്‍ഡ്, നോര്‍വേ, സ്‌പെയ്ന്‍, ബഹാമാസ്, ട്രിനിഡാഡ്, ജമൈക്ക എന്നീ രാജ്യങ്ങള്‍ അംഗീകരിച്ചു. ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ഏഷ്യയിലെയും ഭൂരിപക്ഷം രാജ്യങ്ങളും ഫലസ്തീന് അനുകൂലമാണ്. ഫ്രാന്‍സ്, കാനഡ, യുകെ എന്നിവര്‍ ഫലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മാള്‍ട്ടയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. ഹമാസ് തടവുകാരെ വിട്ടയച്ചില്ലെങ്കിലും ഫലസ്തീനെ അംഗീകരിക്കുമെന്നാണ് യുകെ പ്രധാനമന്ത്രി കീത്ത് സ്റ്റീമര്‍ ഇന്ന് പറഞ്ഞത്. അതേസമയം, ഫലസ്തീനെ അംഗീകരിച്ചാല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് യുഎസ് ഇന്ന് കാനഡയെ ഭീഷണിപ്പെടുത്തിയത്.