പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

Update: 2025-05-12 03:42 GMT

കൊല്ലം: പൊറോട്ട കൊടുത്തില്ലെന്ന് ആരോപിച്ച് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു. കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ ഇന്നലെ രാത്രിയാണ് സംഭവം. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറാണ് ആക്രമണത്തിന് ഇരയായത്. കട പൂട്ടാന്‍ ഒരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടെന്നും പൊറോട്ട് തീര്‍ന്നെന്ന് പറഞ്ഞപ്പോള്‍ ആക്രമണം നടത്തുകയായിരുന്നുവെന്നും അമല്‍ കുമാര്‍ പറയുന്നു. ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷമാണ് അക്രമിച്ചത്. ഇടിക്കട്ട ഉപയോഗിച്ചായിരുന്നു ആക്രമണം. പോലിസ് പട്രോളിങ് വാഹനം വരുന്നത് കണ്ടാണ് പ്രതികള്‍ ആക്രമണം നിര്‍ത്തിയത്. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട സംഘത്തിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.