കാനഡയിലെ ആദിവാസികളില്‍ നിന്നും തട്ടിയെടുത്ത വസ്തുക്കള്‍ തിരികെ നല്‍കി വത്തിക്കാന്‍

Update: 2025-11-15 13:36 GMT

വത്തിക്കാന്‍: കൊളോണിയല്‍ കാലത്ത് കാനഡയിലെ തദ്ദേശീയ ജനവിഭാഗങ്ങളില്‍ നിന്നും തട്ടിയെടുത്ത 62 സാംസ്‌കാരിക വസ്തുക്കള്‍ വത്തിക്കാന്‍ തിരികെ നല്‍കി. തദ്ദേശീയ ആദിവാസികളുടെ സംസ്‌കാരത്തെ തകര്‍ത്ത് ക്രിസ്ത്യന്‍ രീതികള്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി പണ്ട് തട്ടിയെടുത്ത കയാക്ക് അടക്കമുള്ള വസ്തുക്കളാണ് മാര്‍പാപ്പ ലിയോ പതിനാലാമന്റെ നിര്‍ദേശ പ്രകാരം തിരികെ നല്‍കിയത്. വത്തിക്കാനിലെ എനിമ മുണ്ടി എന്ന മ്യൂസിയത്തിലാണ് ഇവയെല്ലാം സൂക്ഷിച്ചിരുന്നത്. ഇനി ഇവയെല്ലാം കാനഡയിലെ മ്യൂസിയത്തിലായിരിക്കും സൂക്ഷിക്കുക.


മാര്‍പാപ്പ പിയൂസ് പതിനൊന്നാമന് (1857-1939) കാനഡയിലെ മിഷണറിമാര്‍ ഇവ സമ്മാനമായി നല്‍കിയെന്നാണ് നേരത്തെ സഭ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഇവ തട്ടിയെടുത്ത വസ്തുക്കളാണെന്നാണ് തദ്ദേശീയര്‍ പറഞ്ഞത്. ആദിവാസികളെ ആധുനികവല്‍ക്കരിക്കാനെന്ന പേരില്‍ ക്രിസ്ത്യന്‍ മിഷണറികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വംശഹത്യയാണെന്നാണ് കാനഡയിലെ ട്രൂത്ത് ആന്റി റിക്കണ്‍സിലേഷന്‍ കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തു.

ആദിവാസികളുടെ ആത്മീയവും പരമ്പരാഗതവുമായ ആചാരങ്ങളും രീതികളും ഇല്ലാതാക്കല്‍ എന്നിവയൊക്കെയായിരുന്നു കാനഡയിലെ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍. ആദിവാസി കുട്ടികളെ വീടുകളില്‍ നിന്നും പിടിച്ചു കൊണ്ടുപോയി പ്രത്യേക ഹോസ്റ്റലുകളില്‍ പാര്‍പ്പിച്ച് അവരെ ക്രിസ്ത്യാനികളാക്കി മാറ്റുകയും ചെയ്തു. അതില്‍ നിരവധി ആദിവാസി കുട്ടികള്‍ കൊല്ലപ്പെടുകയുമുണ്ടായി. ആദിവാസികളുടെ ആത്മീയ പ്രാര്‍ത്ഥനകള്‍ക്ക് 1885ല്‍ കൊളോണിയല്‍ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.

ചരിത്രത്തിലെ ക്രൂരതകള്‍ക്ക് സഭ പിന്നീട് മാപ്പ് ചോദിച്ചു. കാനഡയിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ പ്രതിനിധികള്‍ 2022ല്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നും മാപ്പ് സ്വീകരിച്ചു. തട്ടിയെടുത്ത വസ്തുക്കള്‍ തിരിച്ചുനല്‍കാനും ധാരണയായി. പിന്നീട് ലിയോ പതിനാലാന്‍ മാര്‍പാപ്പ തിരിച്ചുനല്‍കലിന് അംഗീകാരം നല്‍കുകയായിരുന്നു.