ട്രംപിന്റെ നാടുകടത്തല്‍ നയം മോശമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

Update: 2025-02-12 01:13 GMT

വത്തിക്കാന്‍ സിറ്റി: അനധികൃതമായി രാജ്യത്തേക്ക് കുടിയേറിയവരോടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. രാഷ്ട്രങ്ങള്‍ക്ക് സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ടെന്ന് യുഎസിലെ ബിഷപ്പുമാര്‍ക്ക് അയച്ച കത്തില്‍ മാര്‍പാപ്പ പറഞ്ഞു. എന്നാല്‍, കുടിയേറ്റക്കാരെ ബലമായി നീക്കം ചെയ്യുന്നത് നിരവധി സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കുടുംബങ്ങളുടെയും അന്തസ്സിനെ തകര്‍ക്കുന്ന നടപടിയാണ്. കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ല. ബലപ്രയോഗത്തിലൂടെ ആളുകളുടെ അന്തസ് തകര്‍ത്ത് ആരംഭിച്ച നടപടികള്‍ മോശമായി തന്നെ അവസാനിക്കും. ദുര്‍ബലരായ മനുഷ്യരെ കൂടുതല്‍ ഉപദ്രവിക്കുന്ന പദ്ധതികള്‍ പരാജയപ്പെടും.

തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്നാണ് ബൈബിള്‍ പറയുന്നതെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അതിനാല്‍, സ്വന്തം പൗരന്‍മാരെ കാണുന്നതു പോലെ മറ്റുരാജ്യങ്ങളെ പൗരന്‍മാരെയും കാണണം. കുടിയേറ്റങ്ങളെ കുറിച്ച് ബൈബിളില്‍ നിരവധി കഥകളുണ്ട്. മറ്റെവിടെയെങ്കിലും അഭയം തേടാന്‍ ആളുകള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.