പുനലൂര്‍: മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ക്ഷേത്രപൂജാരിയെ പോലിസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കാര്യറ സര്‍ക്കാരുമുക്ക് ചുമടുതാങ്ങിയില്‍ വാടകയ്ക്ക് താമസിക്കുന്ന പിറവന്തൂര്‍ കുമരംകുടി വലിയറപച്ച ഗീതാഭവനത്തില്‍ കിഷോര്‍ കൃഷ്ണന്‍ (24) ആണ് അറസ്റ്റിലായത്. 2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ഓട്ടോറിക്ഷയില്‍ പിറവന്തൂര്‍ വന്മളയിലെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി പറയുന്നത്.
പുനലൂരിലും പത്തനാപുരത്തും മറ്റും വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്യുകയായിരുന്ന പ്രതി പോലിസ് കേസെടുത്തത് അറിഞ്ഞ് മുംബൈയിലേക്ക് കടന്നു. അവിടെ ക്ഷേത്രത്തില്‍ പൂജാരിയായി ജോലിയെടുത്തു. വിവരമറിഞ്ഞ് പോലിസ് മുംബൈയില്‍ എത്തിയെങ്കിലും രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഇയാളെ നാട്ടില്‍ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പുന്നലയില്‍ നിന്നാണ് പ്രതി പിടിയിലായിരിക്കുന്നത്.