സംഭല്‍ ശാഹീ ജാമിഅ് മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി വേണമെന്ന് ഹിന്ദുത്വര്‍; എസ്ഡിഎമ്മിന് നിവേദനം നല്‍കി

Update: 2025-03-07 17:55 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി തേടി ദേവ ഭൂമി മുക്തി ആന്ദോളന്‍ എന്ന ഹിന്ദുത്വസംഘടനയുടെ അംഗങ്ങള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചു. കോടതി വിധിയില്ലാതെ പൂജ നടത്താന്‍ അനുവദിക്കില്ലെന്ന് എസ്ഡിഎം വന്ദന മിശ്ര അവരെ അറിയിച്ചു. തുടര്‍ന്ന് എസ്ഡിഎം ഓഫിസില്‍ പൂജ നടത്തി സംഘം മടങ്ങി.

ഡല്‍ഹിയില്‍ നിന്നെത്തിയ സംഘമാണ് മസ്ജിദില്‍ പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. പൂജ നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ മസ്ജിദിലെ വെള്ളിയാഴ്ച്ച നമസ്‌കാരം നിര്‍ത്തിവെക്കണമെന്നും അവര്‍ ആവശപ്പെട്ടു. എന്നാല്‍, സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൂജ നടത്താന്‍ ആവില്ലെന്നാണ് എസ്ഡിഎം വന്ദനാ മിശ്ര ഇവരെ അറിയിച്ചത്. തുടര്‍ന്ന് ഹിന്ദുത്വരില്‍ നിന്നും വന്ദനാ മിശ്ര ഒരു നിവേദനം സ്വീകരിച്ചു. സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് സമീപം നവംബറില്‍ നടന്ന വെടിവയ്പില്‍ വന്ദനാ മിശ്രക്ക് പങ്കുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. സംഭലില്‍ നിലവിലുള്ള ക്ഷേത്രങ്ങള്‍ 'പുതുതായി' കണ്ടെത്തുന്നതിലും അവര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.