ഏഴ് ജില്ലകളിലും പോളിങ് 70 ശതമാനം കടന്നു

Update: 2025-12-09 13:28 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ കനത്ത പോളിങ്. ഏഴ് ജില്ലകളിലും 70 ശതമാനം കടന്നു. 92.30 ലക്ഷം പേര്‍ ഇതുവരെ വോട്ടു ചെയ്തു. എറണാകുളത്താണ് ഏറ്റവും ഉയര്‍ന്ന പോളിങ് 73.16 ശതമാനം. ആലപ്പുഴയില്‍ 72.57 ശതമാനമാണ്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ് - 65.71. കോര്‍പറേഷനുകളില്‍ 55.73 ശതമാനവുമായി തിരുവനന്തപുരം ഏറ്റവും പിറകിലാണ്. കൊല്ലം 61.22 , കൊച്ചി 60.61 വീതമാണ്. നഗര പ്രദേശങ്ങളില്‍ പോളിങ് കുറവാണ്. 73.79 ശതമാനമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴു ജില്ലകളില്‍ രേഖപ്പെടുത്തിയത്.

കൊട്ടാരക്കരയില്‍ പോളിങ് ബൂത്തിനു മുന്നില്‍ സംഘര്‍ഷമുണ്ടായി. ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. തൃക്കരിപ്പൂരില്‍ കലാശക്കൊട്ടിനിടെ സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായി . മലപ്പുറം അരീക്കോട് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷമുണ്ടായി. കിഴക്കമ്പലത്ത് ട്വന്റി 20 നേതാവ് സാബുവിനെ തടഞ്ഞു. നെയ്യാറ്റിന്‍കര ഗ്രാമം വാര്‍ഡില്‍ കള്ളവോട്ടിനു ശ്രമം നടന്നു.

കള്ളവോട്ടിനെ ചൊല്ലി തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎം -ബിജെപി സംഘര്‍ഷം .ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കൊണ്ട് കള്ളവോട്ട് ചെയ്യിപ്പിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരെ സിപിഎം മര്‍ദിച്ചു. നെയ്യാറ്റിന്‍കര ഗ്രാമം വാര്‍ഡില്‍ കള്ളവോട്ടിന് ശ്രമിച്ച സ്ത്രീ ഇറങ്ങിയോടി .കൊല്ലത്തും പത്തനംതിട്ടയിലും എറണാകുളത്തും കള്ളവോട്ട് ആരോപണം ഉയര്‍ന്നു.

മരടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ അമ്മയുടെ വോട്ട് മറ്റാരോ ചെയ്തുവെന്ന് പരാതി ഉയര്‍ന്നു. കൊല്ലം കുളത്തൂപ്പുഴയില്‍ നെല്ലിമൂട് വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തിലും കുളത്തുപ്പുഴ ടൗണ്‍ വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തിലും കള്ളവോട്ട് ആരോപണം ഉയര്‍ന്നു. പിണ്ടിമന പഞ്ചായത്തില്‍ കള്ളവോട്ടിനു ശ്രമമെന്നു യുഡിഎഫ് ആരോപിച്ചു.