സ്വകാര്യബസിലെ വീഡിയോ പ്രചാരണം മൂലം യുവാവ് ജീവനൊടുക്കിയ സംഭവം; യുവതിയുടെ മൊഴിയെടുക്കും

Update: 2026-01-19 03:09 GMT

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ബസിലെ ജീവനക്കാരുടെയും മൊഴിയെടുക്കും. ലൈംഗികാതിക്രമം നേരിട്ടെന്ന് അവകാശപ്പെട്ടെങ്കിലും പോലിസില്‍ പരാതി നല്‍കാതെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതും അന്വേഷിക്കും. യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഗോവിന്ദപുരത്തെ സെയില്‍സ്മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ യാത്രക്കിടെയാണ് ആരോപണം വന്നത്. തിരക്കുള്ള ബസില്‍വച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് യുവതി വീഡിയോ പകര്‍ത്തിയിരുന്നു. ഈ വീഡിയോ പീഡനം കാണിക്കുന്നില്ലെന്ന വലിയ വിമര്‍ശനം അപ്പോള്‍ തന്നെ ഉയരുകയും ചെയ്തു. എന്നിരുന്നാലും വീഡിയോ വൈറലായതിനെ തുടര്‍ന്ന് യുവാവ് വലിയ മാനസികപ്രയാസത്തിലായിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു. എന്നാല്‍, ആരോപണത്തില്‍ യുവതി ഉറച്ചുനില്‍ക്കുന്നു. പയ്യന്നൂര്‍ വച്ചായിരുന്നു സംഭവമെന്നും വടകര പോലിസില്‍ വിവരമറിയിച്ചിരുന്നുവെന്നും യുവതി അവകാശപ്പെടുന്നു. യുവാവിന്റെ ആത്മഹത്യക്ക് പിന്നാലെയും കടുത്ത വിമര്‍ശനമാണ് യുവതിക്കെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമില്‍ നിന്നും ഈ വിഡിയോ അടക്കം യുവതി ഡിലീറ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. യുവതിയുടെ അക്കൗണ്ട് മരവിച്ച നിലയിലാണ്.