ഷിംജിതയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പോലിസ്

Update: 2026-01-22 02:41 GMT

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പോലിസ്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും. നിലവില്‍ മഞ്ചേരി ജയിലിലുള്ള ഷിംജിതയെ കസ്റ്റഡിയില്‍ വേണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെടുക. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുമാണ് നീക്കം. ഷിംജിതയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ദൃശ്യങ്ങളില്‍ എഡിറ്റിങ്ങ് നടുന്നുവെന്നാണ് നിഗമനം. അതേസമയം, ഷിംജിത ഇന്ന് ജാമ്യഹരജി നല്‍കിയേക്കും.

ദീപക്കിന്റെ മരണത്തില്‍ ആത്മഹത്യ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ പോലിസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന ഇവരെ ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. വടകരക്കു സമീപമുള്ള ബന്ധുവീട്ടില്‍ നിന്നാണ് ഷിംജിതയെ കസ്റ്റഡിയില്‍ എടുത്തത്. വനിത പൊലീസുകാരടക്കം മഫ്തിയിലെത്തി പിടികൂടിയതിന് ശേഷം പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുന്ദമംഗലം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.