200 കിലോഗ്രാം കഞ്ചാവ് എലി തിന്നെന്ന് പോലിസ്; തെളിവില്ലാത്തതിനാല്‍ പ്രതികളെ വെറുതെവിട്ട് കോടതി
റാഞ്ചി: 200 കിലോഗ്രാം കഞ്ചാവ് കടത്തിയെന്ന കേസിലെ പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടു. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവെല്ലാം പോലിസ് സ്‌റ്റേഷനില്‍ വച്ച് എലികള്‍ തിന്നെന്ന് പോലിസ് അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നു പ്രതികളെയും റാഞ്ചി എന്‍ഡിപിഎസ് കോടതി വെറുതെവിട്ടത്. 2022 ജനുവരി 17നാണ് ബോലെറോ കാറില്‍ നിന്നും 170 പാക്കറ്റുകളിലായി സൂക്ഷിച്ച 200 കിലോഗ്രാം കഞ്ചാവ് പിടിച്ചത്. ഇന്ദ്രജിത് എന്നയാളെ ഉടന്‍ പിടികൂടി. പിന്നീട് വികാസ് ചൗരസ്യ, കുന്ദന്‍ റായ് എന്നിവരെയും പിടികൂടി. എന്‍ഡിപിഎസ് നിയമപ്രകാരമാണ് ഒര്‍മാഞ്ചി പോലിസ് കേസെടുത്തത്. എന്നാല്‍, വിചാരണയില്‍ ഈ കഞ്ചാവ് ഹാജരാക്കാന്‍ പോലിസിന് കഴിഞ്ഞില്ല. സ്‌റ്റേഷനില്‍ വച്ച് എലികള്‍ കഞ്ചാവ് തിന്നുതീര്‍ത്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചത്. തുടര്‍ന്നാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി പ്രതികളെ വെറുതെവിട്ടത്.