ബറൂച്ച് ജുമാമസ്ജിദില്‍ അതിക്രമിച്ച് കയറി ഭവേഷ് പട്ടേല്‍; അജ്മീര്‍ ദര്‍ഗ, ബറൂച്ച് മസ്ജിദ് സ്‌ഫോടനക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടയാളാണ്

Update: 2025-09-16 14:39 GMT

അഹമദാബാദ്: രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയിലും ഗുജറാത്തിലെ ബറൂച്ച് ജുമാമസ്ജിദിലും സ്‌ഫോടനം നടത്തിയതിന് ശിക്ഷിക്കപ്പെട്ട ഹിന്ദുത്വ നേതാവ് ഭവേഷ് പട്ടേല്‍ ബറൂച്ച് ജുമാമസ്ജിദില്‍ അതിക്രമിച്ചുകയറിയത് പ്രതിഷേധത്തിന് കാരണമായി. നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ജാമ്യത്തിലുള്ള ഇയാള്‍ക്ക് പോലിസ് സംരക്ഷണമുണ്ട്. ജീവന് ഭീഷണിയുള്ളതിനാല്‍ കോടതിയാണ് പോലിസ് സംരക്ഷണം നല്‍കിയത്. അതിനാല്‍ തന്നെ പോലിസുകാരുമൊത്താണ് ഇയാള്‍ മസ്ജിദില്‍ അതിക്രമിച്ചുകയറിയത്. തുടര്‍ന്ന് മിനാരത്തിന് സമീപം വരെ അയാള്‍ പോയി. സംഭവത്തില്‍ പ്രദേശവാസികള്‍ ജില്ലാ പോലിസ് സൂപ്രണ്ടിന് പരാതി നല്‍കി. ഭവേഷിനെതിരെ കേസെടുക്കണമെന്നും അയാളുടെ ജാമ്യം റദ്ദാക്കണമെന്നും പോലിസ് സംരക്ഷണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. നിരവധി ആരാധനാലയങ്ങള്‍ ആക്രമിച്ച കേസുകളില്‍ പ്രതിയായ ഒരാള്‍ പോലിസ് സംരക്ഷണത്തില്‍ പള്ളിയില്‍ കയറിയത് അംഗീകരിക്കാനാവില്ലെന്ന് പരാതി പറയുന്നു. പൗരാവകാശ സംഘടനയായ എപിസിആര്‍ പ്രദേശവാസികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. എപിസിആറിന്റെ വസ്തുതാന്വേഷണ സംഘം മസ്ജിദ് സന്ദര്‍ശിക്കുകയും ചെയ്തു.

2007ല്‍ റമദാന്‍ മാസത്തില്‍ അജ്മീര്‍ ദര്‍ഗയില്‍ ഹിന്ദുത്വര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. 2017ല്‍ വിചാരണക്കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2018ല്‍ അപ്പീല്‍ പരിഗണിച്ച് രാജസ്ഥാന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചപ്പോള്‍ ആര്‍എസ്എസ്-ബിജെപി-വിഎച്ച്പി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് നല്‍കിയത്. ഇപ്പോള്‍ സ്വാമി മുക്താനന്ദ് എന്ന പേരിലാണ് ഭവേഷ് പട്ടേല്‍ നടക്കുന്നത്.