സ്ത്രീയോട് മോശമായി പെരുമാറിയെന്ന ആരോപണം: കടകംപള്ളി സുരേന്ദ്രനെതിരേ കേസെടുക്കാനാവില്ലെന്ന് പോലിസ്; ഗര്‍ഭഛിദ്ര ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ അന്വേഷണം ഊര്‍ജിതമാക്കി
തിരുവനന്തപുരം: സിപിഎം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയായിരിക്കെ സ്ത്രീയോട് മോശമായി പെരുമാറിയെന്ന പൊതുപ്രവര്‍ത്തകന്റെ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലിസ്. ആക്ഷേപമുള്ള സ്ത്രീ നേരില്‍ പരാതി നല്‍കിയാല്‍ മാത്രമേ നടപടി സ്വീകരിക്കാനാവൂയെന്ന് പോലിസ് അറിയിച്ചു. പരാതിക്കാരിയുടെ മൊഴിയില്ലാതെ അത്തരം കേസുകള്‍ നിലനില്‍ക്കില്ലെന്നും പോലിസ് വ്യക്തമാക്കി.
അതേസമയം, യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഈ കേസില്‍ പരാതിക്കാരി നേരില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്. ഗര്‍ഭഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്ന് പറയപ്പെടുന്ന ശബ്ദരേഖ മതിയായ തെളിവാണെന്ന് പോലിസ് പറയുന്നു. ബെംഗളൂരുവിലെ ആശുപത്രിയിലാണ് ഈ ഗര്‍ഭഛിദ്രം നടന്നതെന്ന് പോലിസിന് സൂചന ലഭിച്ചു. അതിനാല്‍ ആശുപത്രിയില്‍ നിന്നും രേഖകള്‍ സംഘടിപ്പിച്ച ശേഷം യുവതിയെ കണ്ടെത്തി മൊഴിയെടുക്കാനാണ് തീരുമാനം. അതോടൊപ്പം യുവതിയുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരുടെ മൊഴികളും പോലിസ് രേഖപ്പെടുത്തും.