ലഖ്‌നോ: കോളജ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുമ്പോള്‍ മുഹമ്മദ് നബിയെ കുറിച്ച് സംസാരിച്ച പോലിസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ കന്നോജിലെ ട്രാഫിക് ഇന്‍സ്‌പെക്ടറായ അഫാഖ് ഖാനെയാണ് മേലുദ്യോഗസ്ഥര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഹിന്ദുത്വ സംഘടനകള്‍ കോലാഹലമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി. താത്തിയയിലെ ആദര്‍ശ് നഗര്‍ ഇന്റര്‍കോളജിലാണ് സംഭവമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കാനാണ് അഫാഖ് ഖാന്‍ സ്‌കൂളില്‍ എത്തിയത്. ട്രാഫിക് നിയമങ്ങളെ കുറിച്ച് ക്ലാസെടുത്തതിന് ശേഷം സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന ഒരു കാലം അറേബ്യയില്‍ ഉണ്ടായിരുന്നുവെന്ന് അഫാഖ് ഖാന്‍ പറഞ്ഞു. മുഹമ്മദ് നബി എത്തിയ ശേഷമാണ് അത് മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഈ സംസാരമാണ് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായത്. പോലിസ് യൂണിഫോമില്‍ അഫാഖ് ഖാന്‍ ഇസ്‌ലാം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. കൂടാതെ ഹിന്ദു സന്ന്യാസിമാരുടെ വാഹനങ്ങള്‍ തടയുകയും അവരെ സമ്മര്‍ദ്ദത്തില്‍ പെടുത്താറുണ്ടെന്നുള്ള പ്രചാരണവും അഴിച്ചുവിട്ടു. തുടര്‍ന്നാണ് ബിജെപി സര്‍ക്കാര്‍ അഫാഖ് ഖാനെതിരേ നടപടി സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഫാഖ് ഖാന് ഒമ്പത് ലക്ഷം ഫോളോവേഴ്‌സുണ്ട്. ഹെല്‍മെറ്റ് ധരിക്കുന്നതിന്റെയും ട്രാഫിക് നിയമം പാലിക്കുന്നതിന്റെയും വീഡിയോകള്‍ അദ്ദേഹം സ്ഥിരമായി പോസ്റ്റ് ചെയ്യുന്നു.
അതേസമയം, ഹിന്ദുത്വ സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കുന്ന നിരവധി പോലിസ് ഉദ്യോഗസ്ഥര്‍ ഉത്തര്‍പ്രദേശ് പോലിസിലുണ്ട്.
സംഭല്‍ സര്‍ക്കിള്‍ ഓഫീസറായിരുന്ന അനൂജ് ചൗധരി സംഘര്‍ഷ സമയങ്ങളില്‍ പോലും ഹിന്ദുത്വ പ്രകടനങ്ങളില്‍ ഗഥയും മറ്റുമായി പങ്കെടുത്തിരുന്നു. അയാള്‍ക്ക് സ്ഥാനക്കയറ്റമാണ് ലഭിച്ചത്.
