പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന്; പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു
കൊച്ചി: പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ യുവതിയെ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഹാര്‍ബര്‍ പോലിസ് എടുത്ത കേസിലാണ് നടപടി. ഈ മാസം അഞ്ചിനാണ് സംഭവം. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയുടെ വെരിഫിക്കേഷനായി വീട്ടിലെത്തുന്നതിനു പകരം തന്നെ വന്നു കാണാന്‍ വിജേഷ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് തോപ്പുംപടി പാലത്തിനടുത്തുള്ള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് അവന്യൂവിന് അടുത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടു. ഇവിടെ എത്തിയ യുവതിയോട് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് കയറാന്‍ നിര്‍ദേശിച്ചു. പിന്നാലെ കാറില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. യുവതി പിറ്റേന്ന് തന്നെ പരാതി നല്‍കി. തുടര്‍ന്ന് ഹാര്‍ബര്‍ പോലിസ് വിജേഷിനെതിരേ കേസെടുക്കുകയായിരുന്നു.