അകോല സംഘര്‍ഷം അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ച് സുപ്രിംകോടതി; ഹിന്ദു-മുസ്‌ലിം പോലിസുകാര്‍ അന്വേഷണം നടത്തണമെന്നും നിര്‍ദേശം
ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് അപകീര്‍ത്തികരമായ പോസ്റ്റിട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ അകോലയില്‍ നടന്ന സംഘര്‍ഷം അന്വേഷിക്കാന്‍ സുപ്രിംകോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഹിന്ദു, മുസ്‌ലിം സമുദായങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘമാണ് രൂപീകരിച്ചത്. പോലിസ് യൂനിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ മതം, ജാതി മുതലായ പക്ഷപാതങ്ങളെയും മറികടന്ന് നിയമം അനുശാസിക്കുന്ന കടമ നിര്‍വഹിക്കണമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
2023ല്‍ അകോലയില്‍ നടന്ന സംഘര്‍ഷത്തില്‍ വിലാസ് മഹാദേവ് റാവു ഗെയ്ക്ക്‌വാദ് എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകം നേരില്‍ കണ്ടുവെന്ന് അവകാശപ്പെടുന്ന മുഹമ്മദ് അഫ്‌സല്‍ മുഹമ്മദ് ശരീഫ് നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്. വാളും ഇരുമ്പുപൈപ്പും ഉപയോഗിച്ച് നാലുപേര്‍ ഗെയ്ക്‌വാദിനെ ആക്രമിക്കുന്നത് താന്‍ കണ്ടുവെന്ന് മുഹമ്മദ് അഫ്‌സല്‍ മുഹമ്മദ് ശരീഫ് നേരത്തെ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. അക്രമം തടയാന്‍ നോക്കിയപ്പോള്‍ തന്നെയും ആക്രമിച്ചു. പക്ഷേ, കൊലപാതകത്തില്‍ പോലിസ് നിരപരാധികളായ മുസ്‌ലിം യുവാക്കളെയാണ് പ്രതിയാക്കിയത്. അതിനാല്‍, തെറ്റുചെയ്ത പോലിസുകാര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു വാദം. ഇത് ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.
