'ചെന്താമര ലക്ഷ്മിയെ കൊല്ലുന്നത് കണ്ടു' ; ഭയന്ന് നാടുവിട്ട യുവാവിനെ കണ്ടെത്തി പോലിസ്

Update: 2025-03-03 04:41 GMT

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ ദൃക്‌സാക്ഷിയെ കണ്ടെത്തിയെന്ന് പോലിസ്. കേസിലെ ആരോപണവിധേയനായ ചെന്താമര, കൊല്ലപ്പെട്ട സുധാകരന്റെ അമ്മ ലക്ഷ്മിയെ കൊല്ലുന്നത് നേരില്‍ കണ്ടയാളെയാണ് ഒരുമാസത്തിന് ശേഷം പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ലക്ഷ്മിയെ ചെന്താമര കൊല്ലുന്നത് കണ്ട് ഭയന്ന് നാടുവിട്ട ഇയാളെ ഒരു രഹസ്യകേന്ദ്രത്തില്‍ നിന്നാണ് പോലിസ് കണ്ടെത്തിയത്.

കൊലപാതകം കണ്ടുവെന്ന് മൊഴി നല്‍കിയാല്‍ ജാമ്യത്തില്‍ ഇറങ്ങുന്ന ചെന്താമര തന്നെയും കൊല്ലുമെന്ന് യുവാവ് ഭയന്നിരുന്നതായി പോലിസ് പറയുന്നു. അതിനാല്‍ മൊഴി നല്‍കാന്‍ യുവാവ് ആദ്യം തയ്യാറായില്ല. എന്നാല്‍, പോലിസ് സംസാരിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു. ചെന്താമരക്കെതിരെ മൊഴി നല്‍കാന്‍ പോവുന്നവരെല്ലാം ആശങ്കയില്‍ തന്നെയാണുള്ളതെന്ന് പോലിസ് വൃത്തങ്ങള്‍ പറയുന്നു. അതിനാല്‍, തന്നെ ചെന്താമരക്കെതിരെ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലിസ് ശ്രമിക്കുന്നത്. കുറ്റപത്രം കൃത്യസമയത്ത് സമര്‍പ്പിച്ചില്ലെങ്കില്‍ ചെന്താമരക്ക് ജാമ്യം ലഭിക്കാം.

നേരത്തെ ചെന്താമര നല്‍കിയ ജാമ്യഹരജി കോടതി തള്ളിയിരുന്നു. സുധാകരനെയും അമ്മ ലക്ഷ്മിയെയും താന്‍ കൊലപ്പെടുത്തിയെന്നത് പോലിസിന്റെ ആരോപണമാണെന്നും ആരും കണ്ടിട്ടില്ലെന്നും ചെന്താമര വാദിച്ചു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് തന്നെ പോലിസ് അറസ്റ്റ് ചെയ്തതെന്നും ചെന്താമര വാദിച്ചു. ചെന്താമര കൊലപ്പെടുത്താനുള്ളവരുടെ പട്ടികയില്‍പ്പെടുത്തിയിരുന്ന അയല്‍വാസി പുഷ്പ ഉള്‍പ്പെടെ എട്ടുപേര്‍ ചിറ്റൂര്‍ കോടതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രഹസ്യമൊഴി നല്‍കുമെന്നാണ് വിവരം.

പോത്തുണ്ടി തിരുത്തന്‍പാടം ബോയന്‍കോളനിയില്‍ സുധാകരന്‍ (54), അമ്മ ലക്ഷ്മി (76) എന്നിവരെയാണ് ചെന്താമര (58) ജനുവരി 27ന് വെട്ടിക്കൊലപ്പെടുത്തിയത്. 2019 ആഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തി ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ട് കൊലപാതകങ്ങള്‍കൂടി നടത്തിയത്. തന്റെ കുടുംബം തകരാന്‍ കാരണം സുധാകരന്റെ കുടുംബത്തിന്റെ പ്രവര്‍ത്തനങ്ങളാണെന്നാണ് ചെന്താമര പറയുന്നത്.