പ്രഫ. ജി എന്‍ സായ്ബാബ അനുസ്മരണം: പത്ത് വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്ത് മുംബൈ പോലിസ്
മുംബൈ: ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രസഫറും രാഷ്ട്രീയ തടവുകാരനുമായിരുന്ന പ്രഫ. ജി എന്‍ സായ്ബാബ അനുസ്മരണത്തില്‍ പങ്കെടുത്ത പത്തുവിദ്യാര്‍ഥികള്‍ക്കെതിരേ മുംബൈ പോലിസ് കേസെടുത്തു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പത്തുവിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. നാലു വിദ്യാര്‍ഥികളെ പോലിസ് തടഞ്ഞുവച്ചതായും മറ്റു പലരുടെയും വിലാസങ്ങള്‍ തേടുന്നതായും ദി വയര്‍ റിപോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥികളുടെ ലാപ്‌ടോപുകളും മൊബൈല്‍ഫോണുകളും പോലിസ് പിടിച്ചെടുത്തു.
സായ്ബാബയുടെ ഓര്‍മദിവസമായതിനാല്‍ മെഴുകുതിരികളും മറ്റും കത്തിച്ചാണ് വിദ്യാര്‍ഥികള്‍ പരിപാടി നടത്തിയത്. എന്നാല്‍ ദേശീയവാദികള്‍ എന്ന് അവകാശപ്പെടുന്ന ഡിഎസ്എസ്എഫ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പരിപാടി അലങ്കോലപ്പെടുത്തി. അതിന് പിന്നാലെ പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരേ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് അധികൃതര്‍ പോലിസില്‍ പരാതി നല്‍കി. രാജ്യത്തിനെതിരേ തെറ്റിധാരണ ജനിപ്പിക്കാന്‍ ശ്രമിച്ചു, വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചു, നിയമവിരുദ്ധമായി സംഘം ചേര്‍ന്നു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചെന്നും പരാതിയില്‍ ആരോപണമുണ്ട്. എന്നാല്‍, സമാധാനപരമായി നടത്തിയ പരിപാടിക്ക് നേരെ അതിക്രമം നടക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹി സര്‍വകലാശാല പ്രഫസറും രാഷ്ട്രീയ തടവുകാരനുമായ ജി എന്‍ സായ്ബാബ 2024 ഒക്ടോബര്‍ 12നാണ് അന്തരിച്ചത്. മാവോവാദി ബന്ധം ആരോപിച്ച് പത്തുവര്‍ഷത്തോളം ജയിലില്‍ അടച്ച അദ്ദേഹത്തെ 2024 മാര്‍ച്ചില്‍ ബോംബൈ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.