മുസ്‌ലിം യുവാവിനെതിരായ പോലിസിന്റെ നിരീക്ഷണ ഉത്തരവ് റദ്ദാക്കി അലഹബാദ് ഹൈക്കോടതി
അലഹബാദ്: പശുക്കശാപ്പ് തടയല്‍ നിയമപ്രകാരം എട്ടുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലെ ആരോപണവിധേയനായിരുന്ന മുസ്‌ലിം യുവാവിനെ നിരീക്ഷിക്കുന്നതിനുള്ള പോലിസ് ഉത്തരവ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. പൗരന്മാരുടെ സ്വാതന്ത്ര്യം ഹനിക്കാന്‍ പോലിസിന് അനിയന്ത്രിതമായ അധികാരം പ്രയോഗിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പോലിസുകാര്‍ സ്വന്തം താല്‍പര്യപ്രകാരം നിരീക്ഷിക്കേണ്ട ആളുകളുടെ പട്ടികയില്‍ കൂടുതല്‍ പേരെ ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വിമര്‍ശിച്ചു.
എട്ടുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസ് തീര്‍ന്നിട്ടും ഇപ്പോഴും തന്റെ പേര് നിരീക്ഷണ പട്ടികയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് വാജിര്‍ എന്ന യുവാവ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. നിരീക്ഷണ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും എസ്പി തയ്യാറായില്ലെന്നും ഹരജിയില്‍ മുഹമ്മദ് വാജിര്‍ ചൂണ്ടിക്കാട്ടി. മുഹമ്മദ് വാജിറിനെ നിരീക്ഷണ പട്ടികയില്‍ ചേര്‍ക്കാന്‍ പോലിസിന്റെ കൈവശം മതിയായ തെളിവുകള്‍ ഇല്ലെന്ന് വാദം കേട്ട ശേഷി കോടതി കണ്ടെത്തി. തുടര്‍ന്നാണ് പോലിസിന്റെ ഉത്തരവ് റദ്ദാക്കിയത്.