യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലിസിന്റെ ക്രൂരമര്‍ദനം; ദൃശ്യങ്ങള്‍ പുറത്ത്(വീഡിയോ)
കുന്നംകുളം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലിസുകാര്‍ അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനാണ് മര്‍ദനമേറ്റത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് പിന്നാലെയാണ് പുറത്തുവിട്ടത്. 2023 ഏപ്രില്‍ മാസം അഞ്ചാം തീയതിയാണ് സംഭവം നടന്നത്.
Full View
സുഹൃത്തുക്കളോട് പോലിസുകാര്‍ മോശമായി പെരുമാറിയതിന് പിന്നാലെ സുജിത്ത് ഇടപെട്ടതാണ് അക്രമത്തിന് കാരണമായത്. പിന്നാലെ സുജിത്തിനെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിച്ചയുടനെ മര്‍ദിക്കുകയായിരുന്നു. ആദ്യം ഒരു മുറിയിലിട്ട് മര്‍ദിച്ചു. പിന്നീട് മറ്റൊരു മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. നാല് പോലീസുകാര്‍ ചേര്‍ന്നാണ് സുജിത്തിനെ മര്‍ദിക്കുന്നത്. എസ്ഐയായിരുന്ന നുഹ്മാന്‍, സിപിഒമാരായിരുന്ന ശശിധരന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് ക്രൂരത കാട്ടിയത്. മര്‍ദ്ദിച്ചതിന് പിന്നാലെ സുജിത്തിനെതിരേ കേസുമെടുത്തു. മദ്യപിച്ച് പോലിസുകാരോട് തട്ടിക്കയറി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. എഫ്ഐആര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം നല്‍കി.
കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ വൈദ്യ പരിശോധനയില്‍ പോലിസ് മര്‍ദനത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് സുജിത്ത് പോലിസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ പോലിസ് തയാറായില്ല. തുടര്‍ന്ന് സുജിത്ത് കോടതിയെ സമീപിക്കുകയും കോടതി നേരിട്ട് കേസെടുക്കുകയുമായിരുന്നു.
സുജിത്ത് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാനാവില്ലെന്നാണ് പോലിസ് അറിയിച്ചത്. സുജിത്ത് നല്‍കിയ അപ്പീല്‍ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടു. വിവരാവകാശ കമ്മീഷന്‍ പോലിസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ട് സുജിത്ത് ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ നല്‍കുവാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. അക്രമികളായ പോലിസുകാര്‍ക്കെതിരേ കേസെടുക്കാനും കോടതി നിര്‍ദേശിച്ചു.
