ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍
പാലക്കാട്: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍. ഫെബ്രുവരി അഞ്ചിന് മരിച്ച റന്‍സിയയുടെ ഭര്‍ത്താവ് ഷെഫീഖ്, സുഹൃത്ത് ജംസീന എന്നിവരെയാണ് ഹേമാംബിക നഗര്‍ പോലിസ് അറസ്റ്റ് ചെയ്തത്. റന്‍സിയയെ ഫോണില്‍ വിളിച്ച് ജംസീന മോശമായി സംസാരിച്ചിരുന്നതിന് തെളിവുണ്ടെന്ന് പോലിസ് അറിയിച്ചു. ബോഡി ഷെയിമിങ് സംസാരമാണ് നടത്തിയതെന്നും കണ്ടെത്തി. തുടര്‍ന്നാണ് ഷെഫീഖിനും ജംസീനക്കുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരിക്കുന്നത്.
ഈ മാസം അഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് റന്‍സിയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷെഫീഖ് വീട്ടിലെത്തിയപ്പോഴാണ് റന്‍സിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സുഹൃത്തുക്കളെ വിളിച്ച് റന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് റന്‍സിയയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പോലിസ് കേസെടുത്തത്.