പോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; '' മദ്യവും പോണും തടയണം''
ഭോപ്പാല്‍: പോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി കൈലാഷ് മക്വാന. മൊബൈല്‍ ഫോണുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും അശ്ലീലസാഹിത്യം പ്രസരിക്കുമ്പോള്‍ സമൂഹത്തിന്റെ ധാര്‍മിക തകര്‍ച്ച നിയന്ത്രിക്കാന്‍ പോലിസിന് മാത്രം കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
''ഇന്റര്‍നെറ്റില്‍ അശ്ലീലം വ്യാപകമായത് കുട്ടികളുടെ മനസിനെ വികലമാക്കുന്നു. വര്‍ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ട്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണുകള്‍, അശ്ലീലത്തിന്റെ ലഭ്യത, മദ്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ഞാന്‍ കരുതുന്നു. ഇന്ന്, മൊബൈല്‍ ഫോണുകള്‍ വഴി, ഒരാള്‍ എവിടെ നിന്നോ മറ്റൊരാളുമായി ബന്ധപ്പെടുന്നു. സമൂഹത്തില്‍ ധാര്‍മ്മികത കുറയുന്നതിന് അത്തരം നിരവധി കാരണങ്ങളുണ്ട്. പോലിസിന് മാത്രം അത് കൈകാര്യം ചെയ്യാന്‍ കഴിയില്ല.''-അദ്ദേഹം പറഞ്ഞു. മുമ്പ് കുട്ടികളെ അധ്യാപകരും കുടുംബാംഗങ്ങളും ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.