ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; ഗര്‍ഭിണിയായ കാമുകി കാമുകന്റെ വീട്ടിലെത്തി, കാമുകനെതിരേ പോക്‌സോ കേസെടുത്ത് പോലിസ്
ഹരിപ്പാട്: ഗര്‍ഭിണിയായ വിവരം അറിഞ്ഞതിന് ശേഷം ഫോണ്‍ എടുക്കാതിരുന്ന കാമുകനെ തേടി പതിനേഴുകാരി കാമുകന്റെ വീട്ടിലെത്തി. വീട്ടില്‍ ഒരു പെണ്‍കുട്ടി വന്ന് ബഹളം ഉണ്ടാക്കുന്നുവെന്ന് കാമുകന്റെ വീട്ടുകാര്‍ പോലിസിനെ അറിയിച്ചു. തുടര്‍ന്ന് ഹരിപ്പാട് പോലിസ് എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തു. അതിന് ശേഷം 23കാരനായ കാമുകനെ കസ്റ്റഡിയില്‍ എടുത്തു.
ഫോണ്‍ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ഹരിപ്പാട് താമല്ലാക്കലിലെ 23കാരന്റെ വീട്ടില്‍ പെണ്‍കുട്ടി നേരിട്ട് എത്തിയത്. വീട്ടുകാര്‍ വിളിച്ചത് അനുസരിച്ച് എത്തിയ പോലിസ് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി ശാരീരികബന്ധ കാര്യം വെളിപ്പെടുത്തി. 2023ല്‍ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായെന്നും ആലപ്പുഴയിലെ ഒരു ലോഡ്ജില്‍ വച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പിന്നീട് ബെംഗളൂരുവില്‍ പഠനത്തിന് പോയ സമയത്ത് താമസ സ്ഥലത്തെത്തി അവിടെ വച്ചും ബന്ധപ്പെട്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ പോക്‌സോ, പട്ടിക ജാതി അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരം യുവാവിനെതിരെ പോലിസ് കേസെടുക്കുകയായിരുന്നു.