തിരുവനന്തപുരം: വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പിഎംശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിന് പിന്നാലെ സിപിഐയെ അനുനയിപ്പിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നേരിട്ടെത്തി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തി. സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച.
അതിന് ശേഷം ശിവന്‍കുട്ടി ഇങ്ങനെ പറഞ്ഞു. '' ഞാന്‍ പ്രതികരിക്കുന്നില്ല, വൈകുന്നേരം സംസാരിക്കാം. ബിനോയ് വിശ്വം സഖാവിനെ കാണാന്‍ വന്നു. മന്ത്രി ജി ആര്‍ അനില്‍ ഉണ്ടായിരുന്നു. പിഎംശ്രീയില്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ആ കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ പ്രശ്‌നങ്ങളും തീരും.''- ശിവന്‍ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.