ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ തീരുമാനിച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 'സംസ്ഥാനത്തുടനീളം പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ച കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍' എന്ന് കേന്ദ്ര വിഭ്യാസ മന്ത്രാലയം എക്സില്‍ പോസ്റ്റ് ചെയ്തു. നൂതനാശയങ്ങളെ പരിപോഷിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ ശോഭനമായ ഭാവിക്കായി ഒരുക്കുകയും ചെയ്യുന്ന ഗുണമേന്മയുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമഗ്രവുമായ വിദ്യാഭ്യാസം നല്‍കാന്‍ നമ്മള്‍ ഒരുമിച്ച് പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേരളത്തെ അഭിന്ദിച്ചുകൊണ്ടുള്ള കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനുള്ള പദ്ധതിയില്‍ ഒപ്പിട്ടതിന് കേരളത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ പോസ്റ്റുമായി എത്തിയത്.