യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പിഎം കൗശല്‍ വികാസ് യോജനയില്‍ വ്യാപക ക്രമക്കേടെന്ന് സിഎജി

Update: 2025-12-21 01:55 GMT

ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയില്‍ വ്യാപക ക്രമക്കേടെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). പരിശോധനയ്‌ക്കെടുത്ത 171 കേസുകളില്‍ 131ലും ഒരേ പരിശീലനകേന്ദ്രത്തിന്റെയും ആളുകളുടെയും ഇ-മെയില്‍ വിലാസമെന്നും കേന്ദ്രങ്ങളില്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്നും കണ്ടെത്തി. പദ്ധതി ആരംഭിച്ച 2015 ജൂലൈ മുതല്‍ 2022 വരെയുള്ള നടത്തിപ്പാണ് സിഎജി പരിശോധിച്ചത്. 2015-16, 2016-20, 2021-22 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. 1.32 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഏഴുവര്‍ഷത്തിനിടയില്‍ 14,450 കോടി രൂപ കേന്ദ്രം ചെലവഴിച്ചു.

എന്നാല്‍, യുപി, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഒട്ടേറെ ഗുണഭോക്താക്കളുടെ അപേക്ഷകളില്‍ പതിപ്പിച്ചത് ഒരേ ഫോട്ടോയാണ്. ക്രമക്കേടുകള്‍കാരണം പദ്ധതി ഗുണഭോക്താക്കളില്‍ 34 ലക്ഷം പേര്‍ക്കുള്ള പദ്ധതിവിഹിതം തടഞ്ഞുവെച്ചു. വലിയ ക്രമക്കേട് ബാങ്ക് അക്കൗണ്ട് നമ്പറുകളിലാണ്. 95,90,801 ഗുണഭോക്താക്കളില്‍ 90,66,264 പേരുടെയും കാര്യത്തില്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളുടെ ഭാഗത്ത് പൂജ്യം രേഖപ്പെടുത്തുകയോ ഒന്നും രേഖപ്പെടുത്താതെ വിടുകയോ 'ബാധകമല്ല' എന്നെഴുതുകയോ ചെയ്തതായി കണ്ടെത്തി. ചിലരുടെ അക്കൗണ്ട് നമ്പറുകള്‍ പതിനൊന്നുതവണ ഒന്ന് എന്ന് രേഖപ്പെടുത്തി. 123456 എന്നിങ്ങനെ ബാങ്ക് അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയ കേസുമുണ്ട്.

കേരളത്തിലെ രണ്ട് സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയതായും കണ്ടെത്തി. തട്ടിപ്പ് കണ്ടെത്തിയതിന് തുടര്‍ന്ന് അവരില്‍ നിന്നും 22.33 ലക്ഷം രൂപ തിരിച്ചുപിടിച്ചു. സ്ഥാപനങ്ങള്‍ ഹാജരാക്കിയ നിയമനക്കത്തുകള്‍, ശമ്പളരേഖകള്‍, ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 14 പേര്‍ക്ക് നിയമനം നല്‍കിയതായി അറിയിച്ച കമ്പനിയില്‍ അഞ്ചുപേര്‍ക്കാണ് നിയമനം നല്‍കിയതെന്നു കണ്ടെത്തി. 17-ഉം 18-ഉം പേരെ നിയമിച്ചതായി രേഖകളുള്ള രണ്ട് കമ്പനികളില്‍ ആര്‍ക്കും നിയമനം നല്‍കിയിരുന്നില്ലെന്നും സിഎജി റിപോര്‍ട്ട് പറയുന്നു.