മൊസ്യൂള്‍ വിമാനത്താവളം പതിനൊന്ന് വര്‍ഷത്തിന് ശേഷം തുറന്നു

Update: 2025-07-16 16:45 GMT

ബാഗ്ദാദ്: ഇറാഖിലെ മൊസ്യൂള്‍ അന്താരാഷ്ട്ര വിമാനത്താവളം പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും തുറന്നു. ഐഎസ് സംഘടന തകര്‍ത്ത വിമാനത്താവളമാണ് പുനര്‍നിര്‍മിച്ചതെന്ന് ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ശിയ അല്‍ സുഡാനി പറഞ്ഞു. വിമാനത്താവളത്തില്‍ വിമാനത്തില്‍ എത്തിയാണ് അല്‍ സുഡാനി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. മൊസ്യൂളിനെയും മറ്റു ഇറാഖി നഗരങ്ങളെയും കൂട്ടിയിണക്കാന്‍ വിമാനത്താവളം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2014 ജൂണിലാണ് ഐഎസ് മൊസ്യൂള്‍ നഗരം പിടിക്കുന്നത്. ഈ നഗരം കേന്ദ്രീകരിച്ചാണ് അവര്‍ ഖിലാഫത്ത് പ്രഖ്യാപിച്ചത്. യുഎസ് സൈന്യവുമായി സഹകരിച്ച് വര്‍ഷങ്ങള്‍ യുദ്ധം ചെയ്താണ് 2017 ജൂലൈയില്‍ ഇറാഖി സൈന്യം നഗരം തിരിച്ചുപിടിച്ചത്. ഈ യുദ്ധത്തില്‍ വിമാനത്താവളം വലിയ തോതില്‍ തകര്‍ന്നിരുന്നു. പ്രധാനമന്ത്രിയായിരുന്ന മുസ്തഫ അല്‍ ഖാദിമി 2022ല്‍ വിമാനത്താവള പുനര്‍നിര്‍മാണത്തിന് കല്ലിട്ടു.