ഗാസിയാബാദില്‍ വ്യാജ എംബസി കണ്ടെത്തി; 'ബാരണ്‍' അറസ്റ്റില്‍

Update: 2025-07-23 09:04 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വ്യാജ എംബസി നടത്തുകയായിരുന്നയാള്‍ അറസ്റ്റില്‍. മനോഹരമായ കെട്ടിടം വാടകയ്ക്ക് എടുത്ത് വെസ്റ്റ് ആര്‍ട്ടിക്ക എന്ന മൈക്രോ നേഷന്റെ സ്ഥാനപതിയെന്ന നിലയില്‍ തട്ടിപ്പ് നടത്തുകയായിരുന്ന ഹര്‍ഷ് വര്‍ധനന്‍ ജെയ്‌നാണ് അറസ്റ്റിലായത്. നിരവധി പേര്‍ക്ക് ഇയാള്‍ വെസ്റ്റ് ആര്‍ട്ടിക്കയില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നതായി പോലിസ് അറിയിച്ചു.

നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച ആഡംബര കാറുകളിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ തുടങ്ങി പ്രമുഖരുടെ കൂടെയുള്ള ചിത്രങ്ങള്‍ ഇയാള്‍ വ്യാജമായി നിര്‍മിച്ചിരുന്നു. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിന് 2011ല്‍ ഇയാള്‍ക്കെതിരേ കേസുണ്ടായിരുന്നു. പ്രതിയില്‍ നിന്നും നാലു ആഡംബര കാറുകളും 18 നമ്പര്‍ പ്ലേറ്റുകളും 34 രാജ്യങ്ങളുടെ സ്റ്റാമ്പുകളും 44 ലക്ഷം രൂപയും വിദേശകറന്‍സിയും പിടിച്ചതായി പോലിസ് അറിയിച്ചു. കുലീനന്‍ എന്നര്‍ത്ഥം വരുന്ന ബാരണ്‍ എന്നാണ് ഇയാള്‍ സ്വയം ഉപയോഗിച്ചിരുന്നത്. ബാരണ്‍ എച്ച് വി ജെയ്ന്‍ എന്നാണ് രേഖകള്‍ ഉണ്ടാക്കിയിരുന്നത്.

ട്രേവിസ് മക്കഹെന്റി എന്ന യുഎസ് നാവികനാണ് 2001ല്‍ അന്റാര്‍ട്ടിക്കയില്‍ വെസ്റ്റ് ആര്‍ട്ടിക്ക എന്ന മൈക്രോനേഷന്‍ സ്ഥാപിച്ചത്. അതിന് ശേഷം സ്വയം ഗ്രാന്‍ഡ് ഡ്യൂക്കായും പ്രഖ്യാപിച്ചു. 62,0000 ചതുരശ്ര മൈല്‍ ആണ് ഈ പ്രദേശം. നിലവില്‍ അവിടെ 2,356 പേരാണ് പൗരന്‍മാരായുള്ളത്. പക്ഷേ, ആരും അവിടെ താമസിക്കുന്നില്ല. പക്ഷേ, സ്വന്തം പതാകയും കറന്‍സിയും ഈ മൈക്രോനേഷനുണ്ട്.