സുപ്രിംകോടതി വിധി ലംഘിച്ച് ദര്‍ഗ പൊളിച്ചു; ഉത്തരാഖണ്ഡ് സര്‍ക്കാരിന് നോട്ടിസ്

Update: 2025-05-13 13:37 GMT

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രിംകോടതി അന്തിമതീരുമാനമെടുക്കുന്നതു വരെ വഖ്ഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പുലംഘിച്ച ഉത്തരാഖണ്ഡ് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ് അയച്ചു. സുപ്രിംകോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ ഡെറാഡൂണിലെ ഹസാറത്ത് കമാല്‍ ഷാ ദര്‍ഗ പൊളിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് നോട്ടീസ്. 1982ല്‍ തന്നെ ഈ ദര്‍ഗയെ വഖ്ഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്തിരുന്നതായി ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായിയും എ ജി മസീഹും ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ആനന്ദ് ബര്‍ധ്വാന്‍, ഡെറാഡൂണ്‍ ജില്ലാ മജിസ്‌ട്രേറ്റ് സവിന്‍ ബന്‍സല്‍ തുടങ്ങിയവര്‍ക്ക് നോട്ടിസ് അയച്ചത്.

ബുള്‍ഡോസര്‍ രാജിന് നിരോധനം ഏര്‍പ്പെടുത്തിയ 2024 നവംബറിലെ സുപ്രിംകോടതി വിധിയും അധികൃതര്‍ ലംഘിച്ചതായി ദര്‍ഗ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 150 വര്‍ഷമായുള്ള ദര്‍ഗയാണ് ഇതെന്നും അവര്‍ വിശദീകരിച്ചു.