തിരൂര്‍: മലയാളം സര്‍വ്വകലാശാലയുടെ ഭൂമിയില്‍ തട്ടിപ്പ് നടത്തിയ എല്ലാവരെയും ജയിലില്‍ അടക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. തിരൂരില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അഴിമതിക്ക് കൂട്ടുനിന്ന കെ ടി ജലീലിനെയും മന്ത്രി വി അബ്ദുറഹ്മാന്റെ ബന്ധുക്കളെയും എല്ലാം ജയിലില്‍ അടക്കുക തന്നെ ചെയ്യും. നേരത്തെ ജലീലിനെ മന്ത്രിസ്ഥാനം രാജിവെപ്പിക്കാന്‍ സാധിച്ച യൂത്ത് ലീഗിന് ഇക്കാര്യത്തിലും വിജയിക്കാന്‍ കഴിയും എന്ന് ഫിറോസ് പറഞ്ഞു. സര്‍വ്വകലാശാലയുടെ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ജലീലും ഉന്നത വിദ്യാഭ്യാസ വകുപ്പും റോക്കറ്റ് വേഗത്തിലാണ് ഫയലുകള്‍ നീക്കിയത്. ഇക്കാര്യത്തിന് കിട്ടിയ കോഴപ്പണം കൊണ്ടാണ് ഇലക്ഷനില്‍ ജലീല്‍ വലിയ മാമാങ്കങ്ങള്‍ നടത്തിയതെന്നും ഫിറോസ് പറഞ്ഞു സര്‍ക്കാറിന്റെ പണം വെട്ടിച്ച ഒരാളെയും യൂത്ത് ലീഗ് വെറുതെ വിടുകയില്ല അവരുടെയൊക്കെ കൈകളില്‍ വിലങ്ങു വീഴുക തന്നെ ചെയ്യും. ജലീലിനോട് ഒരു ഔദാര്യം കാണിക്കാന്‍ യൂത്ത് ലീഗ് തയ്യാറാണ്. അദ്ദേഹത്തെ അദ്ദേഹത്തിന്റെ മണ്ഡലമായ തവനൂരിലെ ജയിലില്‍ തന്നെ അടക്കണം എന്ന് ഞങ്ങള്‍ അപേക്ഷിക്കും മാത്രമല്ല ഈ അഴിമതി സംഘത്തെ വേറെ വേറെ സെല്ലുകളില്‍ ഇടാതെ ഒരേ സെല്ലില്‍ തന്നെ ഇടണമെന്നും പബ്ലിക് പ്രോസിക്യൂട്ടറോട് ഞങ്ങള്‍ ആവശ്യപ്പെടാമെന്നും പി കെ ഫിറോസ് പരിഹസിച്ചു. യോഗത്തില്‍ വെട്ടം ആലിക്കോയ, പി സെയ്താലിക്കുട്ടി മാസ്റ്റര്‍, കരീം കോട്ടയില്‍ എന്നിവര്‍ സംസാരിച്ചു. കെ. കെ.മുഹമ്മദ് റിയാസ് അധ്യച്ചത വഹിച്ചു.