ഫെവിക്കോള്‍, കാഡ്ബറി പരസ്യങ്ങളുടെ നിര്‍മാതാവ് പിയൂഷ് പാണ്ഡെ അന്തരിച്ചു; മിലേ സുര്‍ മേരാ തുമാരാ എന്ന ഗാനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായിരുന്നു
ന്യൂഡല്‍ഹി: പരസ്യ ഇതിഹാസം പിയൂഷ് പാണ്ഡെ (70) അന്തരിച്ചു. ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ കമ്പനികളുടെ പ്രശസ്തമായ പരസ്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പാണ്ഡെയായിരുന്നു. അണുബാധ മൂലം ചികില്‍സയിലായിരുന്നു അദ്ദേഹമെന്ന് കുടുംബം അറിയിച്ചു. നാളെ അന്ത്യകര്‍മങ്ങള്‍ നടക്കും. 1988ല്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ സംപ്രേഷണം ചെയ്ത മിലേ സുര്‍ മേരാ തുമാരാ എന്ന ഗാനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായിരുന്നു അദ്ദേഹം.
ഏകദേശം നാല് പതിറ്റാണ്ടായി പരസ്യ വ്യവസായത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു പാണ്ഡെ. ഓഗില്‍വിയുടെ വേള്‍ഡ്വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായിരുന്നു അദ്ദേഹം. 1982ല്‍ പാണ്ഡെ ഓഗില്‍വിയില്‍ ചേര്‍ന്നു, സണ്‍ലൈറ്റ് ഡിറ്റര്‍ജന്റിനായി തന്റെ ആദ്യ പരസ്യം എഴുതി. ആറ് വര്‍ഷത്തിന് ശേഷം, കമ്പനിയുടെ ക്രിയേറ്റീവ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവേശിച്ച അദ്ദേഹം ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്റ്‌സ്, ലൂണ മോപെഡ്, ഫോര്‍ച്യൂണ്‍ ഓയില്‍, മറ്റ് നിരവധി ബ്രാന്‍ഡുകള്‍ എന്നിവയ്ക്കായി ശ്രദ്ധേയമായ പരസ്യങ്ങള്‍ സൃഷ്ടിച്ചു.
2013ല്‍ ജോണ്‍ എബ്രഹാം അഭിനയിച്ച 'മദ്രാസ് കഫേ' എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് പ്രവേശിച്ചു. 'ഭോപ്പാല്‍ എക്‌സ്പ്രസ്' എന്ന സിനിമയുടെ തിരക്കഥയും അദ്ദേഹം രചിച്ചു. 2016ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചു.