തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ പകര്‍ത്തിയ ആളാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പരാമര്‍ശം. ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ വെള്ളാപ്പള്ളി പകര്‍ത്തി. വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എന്‍ഡിപി യോഗം സാമ്പത്തികമായി ഉന്നതിയിലേക്ക് ഉയര്‍ന്നുവെന്നും പുതു തലമുറയ്ക്ക് വഴികാട്ടാന്‍ ഒരു നേതാവിന് എത്രത്തോളം ദൃഢനിശ്ചയം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി കാണിച്ചു തന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
''കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയുള്ള നേതൃത്വമാണ് വെള്ളാപ്പള്ളി നടേശന്‍ വഹിക്കുന്നത്. സംഘടനയെ ഒരു സാമ്പത്തിക ശക്തിയാക്കി വളര്‍ത്തുന്നതില്‍ അദ്ദേഹം കാണിച്ച ദീര്‍ഘവീക്ഷണം അഭിനന്ദനീയമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ സാമൂഹിക നീതി നടപ്പാക്കപ്പെടുക എന്ന ഗുരുവിന്റെ ദര്‍ശനങ്ങളെ പ്രാവര്‍ത്തികമാക്കുന്നതിലും അദ്ദേഹം ശ്രദ്ധപുലര്‍ത്തുന്നുണ്ട്. ഗുരുവിന്റെ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് ഈ പ്രസ്ഥാനത്തെ ഇനിയും കൂടുതല്‍ കാലം നയിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിയട്ടെ'- മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയത ഏത് രൂപത്തിലുള്ളതായാലും സമൂഹത്തിന് വിനാശകരമായ ഒന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സമൂഹത്തെ ആകെ നശിപ്പിക്കും. അതുകൊണ്ട് തന്നെ വര്‍ഗീയതയുടെ വിഷവിത്തുക്കള്‍ മനുഷ്യരുടെ മനസ്സുകളില്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. കേരളത്തില്‍ വെളിച്ചം പകര്‍ന്ന ശ്രീനാരായണഗുരുവിനെ സ്വന്തമാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ പാടുപെടുന്നത് കാണാന്‍ കഴിയും. വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ ഗുരുവിന്റെ തന്നെ ദര്‍ശനങ്ങളെ ദുരുപയോഗിക്കാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ശ്രീനാരായണ ഗുരു എന്നും വര്‍ഗീയതയെ എതിര്‍ത്തിരുന്നു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

